ഞാന്‍ പല പ്രാവശ്യം മുന്നറിയിപ്പ് തന്നിരുന്നു, വെറുതെ പുറത്താക്കിയതല്ല, വ്യക്തമായ കാരണമുണ്ട്; ഫിറോസിനെയും സജ്‌നയെയും കുറിച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് സീസണ്‍ 3 ല്‍ ഇതാദ്യമായി എലിമിനേഷന്റെ ഭാഗമായല്ലാതെ ഒരു എലിമിനേഷന്‍ നടന്നിരിക്കുകയാണ്. ഫിറോസിനേയും സജ്‌നയേയുമാണ് സ്‌പെഷ്യല്‍ എലിമിനേഷന്‍ എപ്പിസോഡില്‍ പുറത്താക്കിയിരിക്കുന്നത്. പിന്നീട് ഇത്തരം നടപടി എടുത്തതിനെ കുറിച്ച് മോഹന്‍ലാല്‍ വിശദീകരിച്ചു.

ഇന്ന് ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരാള്‍ കൂടി- രണ്ടു പേരാണ്. പക്ഷേ ഒരാള്‍ ആയിട്ടാണ് ഞങ്ങള്‍ കണക്കാക്കുന്നത്- പുറത്തിറങ്ങുകയാണ്. ഫിറോസ് ആന്‍ഡ് സജിന. ഏറ്റവും നല്ല പ്ലെയേഴ്‌സ് ആയി മാറുമെന്ന് വിചാരിച്ചിരുന്ന ആളുകള്‍ തന്നെയാണ്. അവര്‍ നന്നായി കളിച്ചിരുന്നു. പക്ഷേ എപ്പോഴോ അവരുടെ ചില കാര്യങ്ങള്‍ മാറിപ്പോയതായിട്ട് ഞങ്ങള്‍ക്ക് തോന്നുന്നു. ഒരുപാട് ആള്‍ക്കാര്‍ക്ക് അങ്ങനെ തോന്നുന്നതായി ഞങ്ങളെ അറിയിച്ചു. അവരുടെ സംസാരം, പ്രവൃത്തികള്‍ ഒക്കെ പലര്‍ക്കും ഇഷ്ടമല്ലാതായി തുടങ്ങി. അങ്ങനെയുള്ള ഒരു ഷോ അല്ല ഇത്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങളുടേതായ തീരുമാനം എടുക്കേണ്ടി വന്നു. അവര്‍ തീര്‍ച്ചയായും നല്ല പ്ലെയേഴ്‌സ് ആണ്. നന്നായിട്ട് കളിച്ച ആള്‍ക്കാര്‍ ആണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍.. ഒരു ഗെയിം ആണ്. അങ്ങനെയൊക്കെ സംഭവിക്കാം”, മോഹന്‍ലാല്‍ പറഞ്ഞു.

“നിങ്ങള്‍ ഏറ്റവും നന്നായി കളിച്ചിരുന്നു. പക്ഷേ അതു കഴിഞ്ഞ് എപ്പോഴോ.. ഞാന്‍ പല പ്രാവശ്യം ഫിറോസിനെ വാണ്‍ ചെയ്തു. അത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്ന്. കാരണം നമുക്ക് അറിയില്ല. ഇത് പുറത്ത് ഉണ്ടാക്കുന്ന ഒരു ഇംപാക്റ്റ്. ഇത് ഒരുപാട് കുടുംബങ്ങള്‍ കാണുന്ന ഷോ ആണ്. നിങ്ങള്‍ ഒരിക്കലും മോശമായിട്ട് കളിച്ച ആള്‍ക്കാരല്ല. പക്ഷേ എവിടെയോ ഈ ഗെയിമിന്റെ റൂട്ട് മാറിപ്പോയി. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നു. മോഹന്‍ലാല്‍ വ്യക്തമാക്കി.