‘ഞങ്ങള്‍ വീട്ടില്‍ തന്നെയാണുള്ളത്, അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല’; പ്രതികരിച്ച് സീതാകല്യാണം താരങ്ങള്‍

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയ സീതാകല്യാണം സീരിയലിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. സീരിയലിലെ പ്രധാന താരങ്ങളുടെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അരിയൂര്‍ പൊലീസ് എത്തി അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയും റിസോര്‍ട്ട് സീല്‍ ചെയ്‌തെന്നുമാണ് വാര്‍ത്ത എത്തിയത്.

അഭിനാതാക്കളും അറസ്റ്റിലായി എന്ന വാര്‍ത്ത വന്നതോടെ തങ്ങള്‍ സെയ്ഫ് ആണെന്ന് സീരിയലിലെ പ്രധാന താരം ധന്യ മേരി വര്‍ഗീസ് വ്യക്തമാക്കി. സീരിയലിലെ മറ്റ് പ്രധാന താരങ്ങളായ അനൂപ് കൃഷ്ണന്‍, ജിത്തു വേണുഗോപാല്‍, റനീഷ റഹിമാന്‍ എന്നിവരും വര്‍ക്കലയിലെ ഷൂട്ടിംഗ് സംഘത്തില്‍ ഉണ്ടായിരുന്നില്ല എന്ന് ധന്യ വ്യക്തമാക്കി.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരിച്ചത്. ജിത്തുവും റനീഷയും തങ്ങള്‍ വീട്ടില്‍ തന്നെയാണ് ഉള്ളതെന്ന് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സീതാകല്യാണം സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 20 ഓളം താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.