എന്തുകൊണ്ട് ഈ രംഗം ഒഴിവാക്കി? 'വാരിസി'ലെ ഡിലീറ്റഡ് സീന്‍ ഏറ്റെടുത്ത് ആരാധകര്‍

വിജയ് ചിത്രം ‘വാരിസ്’ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിജയ്‌യുടെ ക്ലീഷേ സ്റ്റൈലുകള്‍ ആവര്‍ത്തിച്ചെന്ന വിമര്‍ശനം ഉയര്‍ന്നുവെങ്കിലും 310 കോടിയോളം കളക്ഷന്‍ ചിത്രം നേടിയിരുന്നു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

വിജയ് അവതരിപ്പിക്കുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രവും പ്രകാശ് രാജിന്റെ ജയപ്രകാശും തമ്മിലുള്ള ഒരു സംഭാഷണ രംഗമാണ് വീഡിയോയില്‍ കാണാനാകുക. താരത്തിന്റെ മാസ് ഡയലോഗുകള്‍ ഉള്‍പ്പെടുന്നതാണ് ഈ രംഗം.

ഈ രംഗം എന്തുകൊണ്ട് സിനിമയില്‍ നിന്ന് ഒഴിവാക്കി എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. തിയേറ്ററില്‍ ഈ രംഗം ഏറെ ആവേശമുണര്‍ത്തുമായിരുന്നു എന്നും പലരും അഭിപ്രായപ്പെടുന്നു. അതേസമയം, രശ്മിക മന്ദാന ആണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായി എത്തിയത്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്.