'സൂരറൈ പോട്രു'; നഷ്ടമായ തിയേറ്റര്‍ എക്‌സ്പീരിയന്‍സ്, പ്രേക്ഷക പ്രതികരണം

ദീപാവലി റിലീസായി എത്തിയ സൂര്യ ചിത്രം “സൂരറൈ പോട്രു”വിന് മികച്ച പ്രതികരണം. സൂര്യയുടെ കരിയറിലെ തന്നെ വലിയ വഴിത്തിരിവ് ആകുന്ന ചിത്രം എന്നാണ് പ്രേക്ഷകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം തിയേറ്റര്‍ എക്‌സ്പീരിയന്‍ നഷ്ടമായ ഗംഭീര സിനിമയാണ് എന്നാണ് പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്.

സൂര്യയുടെ മികച്ച നായക പെര്‍ഫോമന്‍സിനൊപ്പം ഉര്‍വശിയും അപര്‍ണ ബാലമുരളിയും തിളങ്ങിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രം ബഡ്ജറ് എയര്‍ ലൈനുകള്‍കള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതകഥയാണ് പറയുന്നത്.

സിനിമയിലെ അഭിനയത്തിന് സൂര്യക്ക് ദേശീയ അവാര്‍ഡ് നല്‍കണം, ഇത് സുധ കൊങ്കരയുടെ മാസ്റ്റര്‍ പീസ് ആണ് തുടങ്ങി മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. നവംബര്‍ 12ന് രാത്രി 12 മണിക്കാണ് സുരറൈ പോട്രു റിലീസ് ചെയ്തത്. സൂര്യയുടെ 38ാമത് ചിത്രം കൂടിയാണിത്.

മോഹന്‍ റാവു, പരേഷ് റാവല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റ്സും രാജ്സേക്കര്‍ കര്‍പുരസുന്ദരപാണ്ഡിയന്‍, ഗുനീത് മോംഗ, ആലിഫ് സുര്‍ട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.