മാസ്സ് ഹീറോയായി വീണ്ടും അഡ്വ. ചന്ദ്രു; സൂര്യ ഇടപെട്ട് 'ജയ് ഭീമി'ൽ നിന്നും നീക്കം ചെയ്ത രംഗം വൈറൽ

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സാമൂഹിക അസമത്വങ്ങളിലൊന്നായ ജാതീയതയെ അതിന്റെ യാഥാർത്ഥ്യത്തിൽ പലപ്പോഴും പല കലാസൃഷ്ടികളിലും മുഖ്യ വിഷയമായി  കടന്നു വന്നിട്ടുണ്ട്.  കഴിഞ്ഞ വർഷം  ഒ.ടി.ടി റിലീസ് ചെയ്ത് നിരവധി പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു സൂര്യയെ പ്രധാന കഥാപാത്രമാക്കി ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘ജയ് ഭീം’ എന്ന ചിത്രം. 

ഇപ്പോൾ വീണ്ടും ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായികൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ നിന്നും ഒഴിവാക്കിയ ഒരു സംഘട്ടന  രംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

എന്നാൽ സൂര്യ തന്നെയാണ് ഈ രംഗം ചിത്രത്തിൽ നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് എന്നാണ് സംവിധായകൻ ജ്ഞാനവേൽ പറയുന്നത്. ഈ സംഘട്ടന രംഗം ഉൾപ്പെടുത്തിയാൽ  സിനിമയിൽ ലിജോ മോളും മണികണ്ഠനും ചെയ്ത കഥാപാത്രങ്ങളിൽ നിന്നും പ്രേക്ഷകർ വ്യതിചലിക്കുമെന്നും അതുകൊണ്ട് തന്നെ അത് നീക്കം ചെയ്യണമെന്നുമാണ് സൂര്യ പറഞ്ഞത്. 

സിനിമയിൽ നിന്നും ആ രംഗം നീക്കം ചെയ്തത് നൂറ് ശതമാനം ശരിയായ തീരുമാനമാണെന്നാണ്  സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.‘സൂര്യ സ്റ്റാർഡം’ എന്ന എക്സ് അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവെച്ചത്.