പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മാത്രം കോടികള്‍ ചെലവായി, ധനുഷ് ചിത്രം ഉപേക്ഷിക്കുന്നു? പ്രതികരിച്ച് സംവിധായകന്‍

ധനുഷിനെ നായകനാക്കി ഒരുക്കുന്ന ആയിരത്തില്‍ ഒരുവന്‍ രണ്ടാം ഭാഗം സിനിമ ഉപേക്ഷിച്ചതായി നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ സെല്‍രാഘവന്‍. അണിയറ പ്രവര്‍ത്തകര്‍ ചിത്രം ഉപേക്ഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്.

ആയിരത്തില്‍ ഒരുവന്‍ 2-വിന്റെ റിസര്‍ച്ചുകള്‍ക്കായും മറ്റ് പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കായും തന്നെ കോടികള്‍ ചെലവ് വന്നു. അതിനാല്‍ തന്നെ ചിത്രം ഉദ്ദേശിക്കുന്നതിനേക്കാള്‍ വളരെ വലിയ ബജറ്റ് ആകും. അതുകൊണ്ട് ചിത്രം നിര്‍ത്തിവെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ എത്തിയത്.

ഇതോടെയാണ് സെല്‍വരാഘവന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ”എല്ലാ ആദരവോടും കൂടെ ചോദിക്കുന്നു, രഹസ്യമായ ഈ പ്രീപ്രൊഡക്ഷന്‍ എപ്പോഴാണ് നടന്നത് എന്ന് പറയാമോ, അതുപോലെ ഏതാണ് ഈ അജ്ഞാതനായ നിര്‍മ്മാതാവ്? ദയവായി നിങ്ങളുടെ സോഴ്‌സുകള്‍ പരിശോധിക്കുക” എന്ന് സെല്‍വരാഘവന്‍ ട്വീറ്റ് ചെയ്തു.

സെല്‍വരാഘവന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആയിരത്തില്‍ ഒരുവന്‍. കാര്‍ത്തി ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ നായകനായത്. ആയിരത്തില്‍ ഒരുവന്‍ 2-വിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തു വിട്ടിരുന്നു. ചിത്രം 2024ല്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.