ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസ് നല്‍കി ധനുഷ്

തിരക്കിനിടയിലും ആരാധകന്റെ വിവാഹത്തില്‍ പങ്കെടുത്ത് ഫാന്‍സിന്റെ കയ്യടി നേടി തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ്. തിരുനെല്‍വേലിയിലുള്ള തന്റെ ആരാധകന്റെ വിവാഹത്തിലാണ് ധനുഷ് അപ്രതീക്ഷിതമായി എത്തിയത്. ധനുഷിന്റെ സര്‍പ്രൈസ് സന്ദര്‍ശനം നവദമ്പതികളെ മാത്രമല്ല, വിവാഹത്തിന് എത്തിയവരെയും അതിശയിപ്പിച്ചു.

വിവാഹത്തിന് എത്തിയ ധനുഷിന് വന്‍ സ്വീകരണമാണ് നല്‍കിയത്. പൂമാല അണിയിച്ചും പുഷ്പ കിരീടം ധരിപ്പിച്ചുമാണ് അവര്‍ തങ്ങളുടെ സന്തോഷവും സ്‌നേഹവും പ്രകടിപ്പിച്ചത്. തിരുനെല്‍വേലിയിലെ ധനുഷ് ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണ് വരന്‍ എന്നാണ് വിവരം. നവദമ്പതികള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന ധനുഷ് സ്വര്‍ണ്ണ മാലയും സമ്മാനമായി നല്‍കിയാണ് മടങ്ങിയത്.

തന്റെ പുതിയ ചിത്രമായ മാരി 2 വിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ധനുഷ്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ധനുഷ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.