ധനുഷ് ചിത്രത്തിലെ ക്ലൈമാക്‌സിന് കട്ട്, മൊത്തം 14 മാറ്റങ്ങള്‍; 'ക്യാപ്റ്റന്‍ മില്ലറി'ന് നിര്‍ദേശങ്ങളുമായി സെന്‍സര്‍ ബോര്‍ഡ്

ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ചിത്രത്തില്‍ 14 മാറ്റങ്ങയള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. ക്ലൈമാക്‌സിലെ ഭാഗങ്ങള്‍ അടക്കം കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലൈമാക്‌സിലെ 4 മിനുട്ട് 21 സെക്കന്റ് വരുന്ന ദൃശ്യങ്ങളാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മൊത്തത്തില്‍ ചിത്രത്തില്‍ നിന്നും 4.36 മിനുട്ട് കട്ട് ചെയ്യാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 37 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. അരുണ്‍ മദേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

ജനുവരി 12ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സുന്ദീപ് കിഷന്‍, ശിവ രാജ്കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും ശിവ രാജ്കുമാറിനൊപ്പമുള്ള ധനുഷിന്റെ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.

ജി.വി പ്രകാശ് കുമാറാണ് സംഗീതം നല്‍കിയിരിക്കുന്നത്. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വയലന്‍സിന്റെ അതിപ്രസരം സിനിമയില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.