മദ്യത്തിന് അടിമയായിരുന്നു, സിനിമയിൽ നിന്ന് വിട്ടു നിന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ; പ്രണയനഷ്ടം കുറെ പഠിപ്പിച്ചു - ശ്രുതി ഹാസൻ

കുറച്ചുകാലമായി സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ശ്രുതി ഹസൻ. നിരവധി ഗോസിപ്പുകളും അവരുടെ അകന്നു നില്‍ക്കലിനെ കുറിച്ച് ഉണ്ടായിരുന്നു. പ്രണയപരാജയമാണ് കാരണം എന്ന മട്ടിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ താൻ സിനിമയിൽ നിന്ന് അവധിയെടുത്തത് മദ്യപാനവും അതുണ്ടാക്കിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളും മൂലമാണെന്ന വെളിപ്പെടുത്തലുമായി നേരിട്ട് രംഗത്തു വന്നിരിക്കുകയാണ് ശ്രുതി ഹാസൻ.

ഒരു ടെലിവിഷൻ പരിപാടിയിൽ ആണ് സിനിമയിൽ നിന്ന് വിട്ടു നിന്നതിന്‍റെ കാരണം ശ്രുതി വെളിപ്പെടുത്തിയത്. മദ്യപാനശീലം അമിതമായപ്പോൾ കുറെ ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. ഇതേത്തുടർന്ന് സിനിമയിൽനിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതയായി. അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം മദ്യപാനം ഉപേക്ഷിച്ചുവെന്ന് ശ്രുതി പറയുന്നു. മദ്യപാനം ആരോഗ്യം നശിപ്പിക്കുന്ന ശീലം ആണെന്ന് അവർ അഭിപ്രായപ്പെട്ടു.

മൈക്കൽ കോർസെലുമായുള്ള പ്രണയബന്ധം തകർന്നതും തന്നെ ബുദ്ധിമുട്ടിച്ചുവെന്നും ശ്രുതി ഹാസൻ പരിപാടിയിൽ പറയുന്നുണ്ട്. ആ ബന്ധത്തിൽനിന്ന് നല്ലതും ചീത്തയുമായ ഒരുപാടു പഠിച്ചു. ഇപ്പോൾ അതും മറക്കാൻ ഉള്ള ശ്രമത്തിലാണ്. നല്ലൊരു പുതിയ ബന്ധത്തിനായുള്ള അന്വേഷണത്തിലാണ് ഇപ്പോഴെന്നും ശ്രുതി പറഞ്ഞു.

ആരോഗ്യം ഏറെക്കുറെ വീണ്ടെടുത്തു കഴിഞ്ഞു എന്ന് അവർ അറിയിച്ചു. ചികിത്സ ഫലിച്ചു. ഉടൻ തന്നെ സിനിമയിലേക്ക് തിരിച്ചുവരും എന്നാണ് പ്രതീക്ഷയെന്നും ശ്രുതി ഹസൻ പറഞ്ഞു.