ഒരമ്മ എന്ന നിലയിൽ നയൻതാരക്ക് മാർക്ക് പത്തിൽ പത്ത്; മാതൃദിനാശംസകളുമായി വിഘ്നേഷ് ശിവൻ

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള  താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരുടേയും പ്രണയവും വിവാഹവും എല്ലാം  ആരാധകർക്കും ആഘോഷമായിരുന്നു. 2022 ഒക്ടോബർ 9 നാണ്  തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചുവെന്ന വിവരം വിഘ്നേഷ് ശിവൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാൽ വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവർക്കും കുട്ടികളുണ്ടായത് എന്ന വിവരം വലിയ വിമർശനങ്ങൾക്കും കാരണമായിരുന്നു.

തങ്ങളുടെ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും നയൻതാരക്കൊപ്പമുള്ള ചിത്രങ്ങളും  വിഘ്നേഷ് ശിവൻ തന്നെ സോഷ്യൽ മീഡിയയയിൽ പങ്കുവെക്കാറുണ്ട്. ആശംസകൾ അറിയിച്ച് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റുകളും ഇടാറുണ്ട്. നയൻ താര സോഷ്യൽ മീഡിയയിൽ സജീവമല്ല. മാതൃദിനത്തിൽ നയൻതാരയെ ആശംസിച്ചുകൊണ്ട് വിഘ്നേഷ് പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

“പ്രിയപ്പെട്ട നയൻ ..ഒരമ്മയെന്ന നിലയിൽ  പത്തിൽ പത്താണ് നിനക്ക്. നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു..എന്റെ തങ്കമേ..നിന്റെ ആദ്യ മാതൃദിനം. ഞങ്ങൾക്ക്  ഒരു സ്വപ്ന സാക്ഷാത്കാരം” വിഘ്നേഷ് കുറിച്ചു. ഒപ്പം നയൻതാരയുടേയും മക്കളുടേയും ഫോട്ടോകളും വിക്കി പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും നല്ല അനുഗ്രഹീതരായ കുഞ്ഞുങ്ങളെ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് ദൈവത്തിനും ഈ ലോകത്തിലെ എല്ലാ നന്മകൾക്കും നന്ദിയെന്നും വിഘ്നേഷ് പറയുന്നു.

മക്കളുടെ മുഖവും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. “ഉയിർ രുദ്രനിൽ എൻ ശിവ” എന്നും “ഉലക ദൈവിക എൻ ശിവ’ എന്നുമാണ് കുഞ്ഞുങ്ങളുടെ പേരുകൾ. വിഘ്നേഷ് പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.