വിജയലക്ഷ്മിയുടെ ആവശ്യത്തിനൊപ്പം കേരളമുണ്ട്..; ഗായികയ്ക്ക് വാഗ്ദാനവുമായി മുഖ്യമന്ത്രി

നവകേരള സ്ത്രീ സദസില്‍ സംസാരിച്ച ഗായിക വൈക്കം വിജയലക്ഷ്മിക്ക് വാഗ്ദാനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേള്‍വി നഷ്ടമായവര്‍ക്ക് അത് തിരികെ ലഭിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സമാനമായി കാഴ്ചപരിമിതര്‍ക്ക് കാഴ്ചശക്തി തിരിച്ചു കിട്ടുന്നതിനുള്ള പദ്ധതിക്ക് സാധ്യതയുണ്ടോ എന്നായിരുന്നു ഗായികയുടെ ചോദ്യം.

‘കാഴ്ച തിരികെ നല്‍കാന്‍ കഴിയുമോയെന്ന് ഇപ്പോള്‍ ഉറപ്പു പറയുന്നില്ല. എന്നാല്‍ വിജയലക്ഷ്മിയുടെ ആവശ്യത്തിനൊപ്പം കേരളമുണ്ട്’ എന്നാണ് മുഖ്യമന്ത്രി വൈക്കം വിജയലക്ഷ്മിക്ക് മറുപടി നല്‍കിയത്. കൈയ്യടികളോടെയാണ് ഈ മറുപടി സദസ് ഏറ്റെടുത്തത്.

അതേസമയം, സമൂഹത്തിലെ വിവിധ മേഖലകളിലെ സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് നവകേരള സ്ത്രീ സദസ് സംഘടിപ്പിച്ചത്. നടി ഐശ്വര്യ ലക്ഷ്മിയും സദസില്‍ എത്തിയിരുന്നു. സിനിമയിലെ ബിസിനസ് മേഖലയില്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണം എന്നായിരുന്നു ഐശ്വര്യ ലക്ഷ്മി ആവശ്യപ്പെട്ടത്.

സിനിമയുടെ സാങ്കേതികം, നിര്‍മ്മാണം തുടങ്ങിയ മേഖല യുവതലമുറയെ പരിചയപ്പെടുത്തുന്നതിന് ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികള്‍ രൂപീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇത് യുവതികള്‍ക്ക് നൂതനമായ അവസരങ്ങള്‍ കൊണ്ട് വരും എന്നാണ് ഐശ്വര്യ പറഞ്ഞത്.

നടിയുടെ ആവശ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയും പറഞ്ഞു. സിനിമയുടെ നിര്‍മ്മാണം, സാങ്കേതികം പോലുള്ള മേഖലയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.