ഭൂമികുലുക്കി ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി; ആറ് കിലോമീറ്റര്‍ വരെ പ്രകമ്പനം! സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി അക്ഷരാര്‍ഥത്തില്‍ ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ. പരിപാടി നടന്ന എഡിന്‍ബറയിലെ മുറേഫീല്‍ഡ് സ്റ്റേഡിയത്തിന് അടുത്തുള്ള ആറ് കിലോമീറ്റര്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു എന്നാണ് സര്‍വേ പറയുന്നത്.

ആരാധകരുടെ ഇഷ്ടഗാനങ്ങളായ ‘റെഡി ഫോര്‍ ഇറ്റ്?’, ‘ക്രുവല്‍ സമ്മര്‍’, ‘ഷാംപെയ്ന്‍ പ്രോബ്ലംസ്’ എന്നിവ പാടിയപ്പോഴായിരുന്നു ഓരോ രാത്രിയും ഭൂകമ്പത്തിന് സമാനമായ ചലനമുണ്ടായത്. ‘റെഡി ഫോര്‍ ഇറ്റ്?’ പാടിയവേളയില്‍ ജനക്കൂട്ടം ഉയര്‍ത്തിയ ആരവം 80 കിലോവാട്ട് ഊര്‍ജം പ്രസരിപ്പിച്ചു.

ആരാധകരുടെ ആരവവും സംഗീതോപകരണങ്ങളുടെ ശബ്ദമുണ്ടാക്കുന്ന പ്രകമ്പനവുമാണ് ഭൂകമ്പതരംഗങ്ങള്‍ക്ക് കാരണമായത്. സ്വിഫ്റ്റിന്റെ ആഗോളസംഗീത പര്യടനപരിപാടിയായ ‘എറാസ് ടൂറി’ന്റെ ബ്രിട്ടനിലെ ആദ്യ അവതരണമായിരുന്നു എഡിന്‍ബറയിലേത്.

എന്നാല്‍ ‘എറാസ് ടൂര്‍’ ആദ്യമായല്ല ഭൂകമ്പമുണ്ടാക്കുന്നത്. 2023 ജൂലായില്‍ യുഎസിലെ സിയാറ്റയില്‍ സ്വിഫ്റ്റ് നടത്തിയ കച്ചേരി ഭൂകമ്പമാപിനിയിലെ 2.3 തീവ്രതയ്ക്ക് തുല്യമായ തരംഗമുണ്ടാക്കിയിരുന്നു.