ഒരു പാട്ടിന് 30 ലക്ഷം മുതല്‍ 15 ലക്ഷം വരെ; ഗായകര്‍ വാങ്ങുന്ന പ്രതിഫല കണക്ക് ഇങ്ങനെയോ? പ്രതികരിച്ച് സിത്താരയും ഗോപി സുന്ദറും

കെഎസ് ചിത്ര മുതല്‍ റിമി ടോമി മുതലുള്ള ഗായകരുടെ പ്രതിഫലം എത്രയാണെന്ന് അറിയാമോ? ഗായകരുടെ പ്രതിഫല കണക്കുകള്‍ പറഞ്ഞു കൊണ്ടെത്തിയ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഗായകരില്‍ പലരും ലക്ഷങ്ങളാണ് ഒരു ഗാനത്തിന് ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

റിമി ടോമിക്ക് ഒരു ഗാനത്തിന് 30 ലക്ഷം, കെഎസ് ചിത്രയ്ക്ക് 15 ലക്ഷം, വിനീത് ശ്രീനിവാസന്‍ 28 ലക്ഷം, വിജയ് യേശുദാസ് 30 ലക്ഷം, ജി. വേണുഗോപാല്‍ 20 ലക്ഷം, സുജാത മോഹന്‍ 20 ലക്ഷം, കെഎസ് ഹരിശങ്കര്‍ 35 ലക്ഷം, ശ്രേയ ഘോഷാല്‍ 25 ലക്ഷം, വിധു പ്രതാപ് 10 ലക്ഷം, സിത്താര കൃഷ്ണകുമാര്‍ 10 ലക്ഷം, ശ്വേതാ മോഹന്‍ 25 ലക്ഷം എന്നിങ്ങനെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങള്‍.

ഈ പോസ്റ്റിന് താഴെ എത്തിയ ഗായിക സിത്താരയുടെയും സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെയും കമന്റുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ”തായോ എന്റെ 10 ലക്ഷം” എന്നാണ് സിത്താരയുടെ കമന്റ്. ”അവര്‍ ഇത്രയും തുക ചാര്‍ജ് ചെയ്യില്ല. ഇത് വ്യാജ വാര്‍ത്തയാണ്. എല്ലാ ഗായകരോടും ബഹുമാനം മാത്രം. ചുമ്മാ അങ്ങ് തള്ളി വിടുകയാണ്. മാധ്യമങ്ങളെ ദുരുപയോഗം ചെയ്യരുത്. അഭ്യര്‍ത്ഥനയാണ്” എന്നാണ് ഗോപി സുന്ദറിന്റെ കമന്റ്.

ഇൻസ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വാർത്തയുടെ സ്ക്രീൻഷോട്ട്. സമൂഹമാധ്യമം വഴി ഇത്തരത്തിൽ സിനിമാ, സീരിയൽ നായികമാരുടെയും നായകന്മാരുടെയും  മുഖ്യധാരാ ചലച്ചിത്ര പ്രവർത്തകരുടെയും വരുമാനത്തെച്ചൊല്ലി പോസ്റ്റുകൾ ഇത്തരത്തിൽ ഷെയർ ചെയ്യപ്പെടാറുണ്ട്. പലതിലും രേഖപ്പെടുത്തിയിട്ടുള്ള കണക്കുകൾ യാഥാർഥ്യവുമായി തട്ടിച്ചു നോക്കിയാൽ വാസ്തവമല്ല എന്ന് പറയേണ്ടി വരും

അതേസമയം, കെജെ യേശുദാസ് ചലച്ചിത്ര പിന്നണിഗാന രംഗത്ത് സജീവമായി നിന്നിരുന്ന നാളുകളില്‍ പോലും പ്രതിഫലം പതിനായിരങ്ങളില്‍ എത്തിയത് വര്‍ഷങ്ങളുടെ ശ്രമം കൊണ്ടാണ് എന്ന് വിജയ് യേശുദാസ് ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇതുപോലൊരു കണ്ടുപിടുത്തം എന്ന വിമര്‍ശനങ്ങളും പ്രചരിക്കുന്ന പോസ്റ്റിനെതിരെ ഉയരുന്നുണ്ട്.