'ഈ വിവരം മമ്മൂക്ക അറിഞ്ഞോ'; തനി ഒരുവനിലെ വില്ലൻ വേഷം ചർച്ചയാക്കി ആരാധകർ.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വേഷപ്പകർച്ചകൾ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കാറുണ്ട്. തമിഴിൽ “പേരൻപും” തെലുങ്കിൽ “യാത്ര”യും ലോക ശ്രദ്ധ നേടിയതോടെ മമ്മൂട്ടി വീണ്ടും ഇതര ഭാഷകളിൽ തിളങ്ങുകയാണ്. ഇപ്പോൾ തനി ഒരുവന്റെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടി വില്ലനായി എത്തുമെന്ന വാർത്തകൾ വരുന്നു. ജയം രവിയുടെ ഈ മെഗാഹിറ്റിൽ നായകനോളം പ്രാധാന്യമുള്ള വില്ലൻ ആയാണ് മമ്മൂട്ടി എത്തുന്നത് എന്ന് കേൾക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.

താരങ്ങളുടെ വമ്പൻ വേഷങ്ങളെ കുറിച്ച് നിരവധി വാർത്തകൾ വരാറുണ്ട്. എന്നാൽ ഇവയിൽ പലതും ആരുടെയെങ്കിലും ഭാവനയിൽ വിരിഞ്ഞ വ്യാജ വാർത്തകൾ ആയിരിക്കും. മമ്മൂട്ടിയുടെ തനി ഒരുവൻ 2 വും അത്തരത്തിൽ ആവുമോ എന്ന ആശങ്കയിലാണ് ആരാധകർ. മമ്മൂട്ടി ഈ വിവരം അറിഞ്ഞു കാണുമോ എന്ന മട്ടിലാണ് ഇത് സംബന്ധിച്ച സോഷ്യൽ മീഡിയ ചർച്ചകളിൽ ആരാധകർ ആശങ്ക പങ്കു വെക്കുന്നത്. എന്നാൽ ഇത് നടന്നാൽ ഒരു സംഭവം ആകും എന്നും പറയുന്നവരുണ്ട്. മറ്റു പല വാർത്തകളും പോലെ ഇതും ഒരു കേട്ട് കേൾവി മാത്രമായി അവസാനിക്കില്ല എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

2015 ലാണ് തനി ഒരുവന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ജയം രവിയുടെ സഹോദരൻ മോഹൻരാജ ആയിരുന്നു സിനിമയുടെ സംവിധായകൻ. ജയം രവിയുടെയും വില്ലനായുള്ള അരവിന്ദ് സ്വാമിയുടെയും പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പ്രശസ്ത സോഷ്യൽ മീഡിയ ഗ്രൂപ്പിലാണ് തനി ഒരുവന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത വന്നത്.