' ലൂക്കാ ' പ്രണയത്തിന്റെ വേറിട്ടൊരു ദൃശ്യാനുഭവം

ഒരു പ്രണയബന്ധത്തിന്റെ ആഴത്തിലേക്കു ചെന്നെത്തുന്ന കുറ്റാന്വേഷണമാണ് “ലൂക്കാ ” എന്ന ഏറ്റവും പുതിയ മലയാള സിനിമയുടെ വിഷയം. പ്രണയകഥയ്ക്കും മരണത്തിനു പിന്നിലെ ദുരൂഹത കണ്ടെത്തുന്ന പൊലീസ് കഥയ്ക്കും പുതുമ അവകാശപ്പെടാനില്ലെങ്കിലും ഇത് രണ്ടും ചേര്‍ത്തു പറയുന്നിടത്ത് “ലൂക്ക”യ്ക്ക് ചില വ്യത്യസ്തതകള്‍ അവകാശപ്പെടാം. നായകനെയും നായികയെയും പൂര്‍ണമായും ഫ്‌ളാഷ്ബാക്കില്‍ നിര്‍ത്തിയിരിക്കുന്നു എന്നതാണ് അതില്‍ ഒന്ന്.

സമാന്തരമായി വര്‍ത്തമാനകാലത്തില്‍ ഉള്ളത് അന്വേഷണ ഉദ്യോഗസ്ഥനും ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ്. ഇതിനിടെയിലൂടെയാണ് കേന്ദ്രവിഷയമായ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണങ്ങള്‍. ഈ ത്രിതല സംവിധാനം വളരെ മനോഹരമായ ഛായാഗ്രഹണത്തിലൂടെയും കലാസംവിധാനത്തിലൂടെയും ചിത്രസംയോജനത്തിലൂടെയും പാളിപ്പോകാതെ നോക്കാന്‍ വലിയൊരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. മൊത്തത്തില്‍ സിനിമയ്ക്കു നല്‍കിയിട്ടുള്ള കളര്‍ടോണ്‍, ഓരോ സീനിലും ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രോപ്പര്‍ട്ടീസ് – ഇവയിലൂടെയൊക്കെ സംവിധായകനായ അരുണ്‍ ബോസിന്റെ വളരെ “പ്രോമിസിംഗ് ” എന്ന തന്നെ പറയാവുന്ന ദൃശ്യബോധം വ്യക്തമാണ്.

നായികാനായകന്മാരുടെ മരണത്തില്‍ നിന്നു തന്നെ കഥ തുടങ്ങാനുള്ള ധൈര്യവും പ്രശംസിക്കണം. തുടക്കത്തില്‍ ആരാണ് നായകന്‍ എന്ന് തന്നെ സംശയം തോന്നാം. പോകെപ്പോകെ മരിച്ചു പോയവരാണെന്നറിഞ്ഞിട്ടും എന്നാല്‍ അങ്ങനെ കരുതാതെ തന്നെ അവരോടൊപ്പം സഞ്ചരിക്കാന്‍ നമുക്കു കഴിയുന്നു എന്നതാണു് “ലൂക്ക”യുടെ മറ്റൊരു പ്രത്യേകത. ലൂക്ക എന്ന വിചിത്രസ്വഭാവിയും ദുരന്തഭരിതമായ ഭൂതകാലമുള്ളവനുമായ ചിത്രകാരനെ ടൊവിനോ വളരെ അനായാസമായി അവതരിപ്പിച്ചിട്ടുണ്ട്. കാമിനിയായ അഹാനയും മിതത്വത്തോടെ പെരുമാറിയിരിക്കുന്നു. പോലീസ് ഓഫീസര്‍ ആയ നിതിന്‍ ജോര്‍ജിന് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാനില്ല. ഒന്നും ചെയ്യാന്‍ ശ്രമിക്കാഞ്ഞതു കൊണ്ടുതന്നെ ആ ഭാഗം നന്നായി. മറ്റു വേഷങ്ങള്‍ ചെയ്ത രാജേഷ് ശര്‍മയും ശ്രീകാന്ത് മുരളിയും ഉള്‍പ്പെടെയുള്ളവര്‍ നമ്മെ ഒട്ടും മുഷിപ്പിക്കുന്നില്ല.

തിരക്കഥയിലെ പാകതക്കുറവാണ് ലൂക്കയുടെ പ്രധാന പരാധീനത . കഥ പറയാന്‍ ഒരു വേറിട്ട വഴി തിരഞ്ഞെടുത്തതില്‍ അഭിനന്ദിക്കാമെങ്കിലും അതുവഴിയേയുള്ള യാത്ര പക്ഷേ പ്രൊഫഷണലായി തോന്നിയില്ല. കാര്യങ്ങള്‍ പറഞ്ഞു വരും മുമ്പേ വെളിപ്പെട്ടു പോകുന്നു എന്നത് വലിയ പിഴവാണ്. മലയാള സിനിമയില്‍ ഉപയോഗിച്ച് ചതഞ്ഞ കാന്‍സര്‍ / ട്യൂമര്‍ തന്നെ കഥയിലെ പ്രധാന വഴിത്തിരിവാക്കാനുള്ള തീരുമാനവും മോശം തന്നെ. എന്നാല്‍ മരണരഹസ്യം (അത് മുന്നേ തന്നെ മനസ്സി”ലാകുമെങ്കിലും) – അത് ചുരുളഴിയുന്ന രീതി രസകരം തന്നെ. ലൂക്കയുടെയും നിഹാരികയുടെയും പ്രണയത്തിന്റെ ഊഷ്മളതയത്രയും അനുഭവിപ്പിക്കുന്ന ഒന്നു രണ്ടു സീനുകള്‍ വളരെ മനോഹരമാക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

Read more

നായികാനായകന്‍മാരുടെ കഥയുടെ അവസാനത്തില്‍ വെച്ച് പോലീസ് ഓഫീസറുടെ കുടുംബകഥ പൂര്‍ണമാക്കിയതും കൊള്ളാം. സംവിധാന മികവാണ് “ലൂക്ക “യുടെ പ്രധാനപ്പെട്ട പ്ലസ് പോയ്ന്റ്. പിന്നെ മഴയുടെ ഈറന്‍ തണുപ്പും മങ്ങിയ നിറക്കാഴ്ചകളും അനുഭവിപ്പിക്കുന്ന ഫോട്ടോഗ്രാഫിയും. കൂട്ടത്തില്‍ പറയട്ടെ. – മഴ നാട്ടില്‍ ഇല്ലെങ്കിലും “ലൂക്ക ” യില്‍ മഴയ്‌ക്കൊരു കുറവുമില്ല.