ബിലാലായി മമ്മൂക്ക വീണ്ടും വരുന്നു; ബിഗ് ബിയുടെ രണ്ടാംവരവ് സ്ഥിരീകരിച്ച് അമല്‍ നീരദ്

 

മമ്മൂട്ടിയുടെ മെഗാ ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ എന്ന പേരില്‍ വരുന്നു. മമ്മൂട്ടി ബിലാലായി വരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയത് അമല്‍ നീരദ് തന്നെയാണ്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റിട്ടിട്ടുണ്ട്. മമ്മൂട്ടി ബിലാലായി ഉടന്‍ വരുന്നു എന്ന് മാത്രമാണ് പോസ്റ്റിലുള്ളത്. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അടുത്ത വര്‍ഷം സിനിമ റിലീസാകുമെന്നാണ് പോസ്റ്ററില്‍ നിന്ന് മനസ്സിലാകുന്നത്.

എടുത്തു വളര്‍ത്തപ്പെട്ട നാല് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രമായിരുന്നു ബിഗ് ബി. ബിലാല്‍ എന്നത് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു. ഈ പേര് തന്നെയാണ് ഇപ്പോള്‍ ചിത്രത്തിനും നല്‍കിയിരിക്കുന്നത്. മമ്മൂട്ടി ആരാധകര്‍ ഏറ്റവും അധികം ആഘോഷിച്ച ചിത്രങ്ങളിലൊന്നായ ബിഗ് ബി വീണ്ടും വരുന്നു എന്നത് ആരാധകരെ സംബന്ധിച്ച് വലിയ ആവേശം ഉണ്ടാക്കുന്ന വാര്‍ത്തയാണ്.

സമീര്‍ താഹിറിന്റെ ക്യാമറയും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ബിഗ് ബിയെ വേറെ ലെവലില്‍ എത്തിച്ചിരുന്നു. ഈ കോമ്പിനേഷന്‍ തന്നെയാണോ ബിലാലിനായും പ്രവര്‍ത്തിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിഐഎ ഉള്‍പ്പെടെയുള്ള സിനിമകള്‍ സ്വന്തമായി നിര്‍മ്മിക്കുകയായിരുന്ന അമല്‍ നീരദ് തന്നെയായിരിക്കും ബിലാലിന്റെയും നിര്‍മ്മാതാവ് എന്നാണ് സൂചന. സിഐഎയ്ക്ക് ശേഷം അമല്‍ നീരദിനെ ചുറ്റിപറ്റി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. അത്തരം ഊഹാപോഹങ്ങള്‍ക്ക് വിരാമമിടുന്ന പ്രഖ്യാപനമാണ് അമല്‍ നീരദ് നടത്തിയിരിക്കുന്നത്.