'തനിയാവര്‍ത്തന' ങ്ങളില്ലാത്ത ലോഹിതദാസ്

സിനിമാപ്രേക്ഷകന്റെ ഹൃദയത്തെ ഇത്രത്തോളം സ്പര്‍ശിച്ച മറ്റൊരു സിനിമാക്കാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല. എക്കാലത്തെയും ക്ലാസ് സംവിധായകരില്‍ ഒരിടം മലയാളത്തിന്റെ ലോഹിതദാസിനുമുണ്ടാകും. തനിയാവര്‍ത്തനത്തില്‍ തുടങ്ങി നിവേദ്യത്തില്‍ അര്‍പ്പിക്കപ്പെട്ട നാല്‍പ്പതിലേറെ ജീവിതഗന്ധിയായ കഥകള്‍ കൊണ്ട് പ്രേക്ഷക ഹൃദയം തൊട്ട ലോഹിതദാസിന്റെ ഓര്‍മ്മകള്‍ക്ക് പന്ത്രണ്ട് വയസ്സ്. വൈകാരിക തീഷ്ണതകളിലൂടെ കണ്ണു നനയിച്ച കഥാകാരനാണ് ലോഹിതദാസ് എന്ന ലോഹി. മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ ലോഹിയുടെ ഓര്‍മ്മകളും സിനിമകളുമുണ്ട്.

എംടിക്കും പത്മരാജനും ശേഷം മലയാളത്തിന് കിട്ടിയ അനുഗ്രഹം, സിബി മലയിലിനും സത്യന്‍ അന്തിക്കാടിനുമൊപ്പം എണ്‍പതുകളുടെ രണ്ടാം പാതിയിലും, തൊണ്ണൂറുകളിലും മലയാള സിനിമയുടെ കഥാവഴി തിരുത്തുന്നതില്‍ വലിയ പങ്കാണ് ലോഹിതദാസ് വഹിച്ചത്. ദശരഥം, സസ്‌നേഹം, കിരീടം, ചെങ്കോല്‍, അമരം, ചകോരം, പാഥേയം, കന്മദം അങ്ങനെയങ്ങനെ കടലായി പടര്‍ന്നു ലോഹിയുടെ സൃഷ്ടികള്‍.

മനുഷ്യബന്ധങ്ങളുടെ തീഷ്ണതകളും, സങ്കീര്‍ണതകളുമായിരുന്നു ലോഹിതദാസ് സിനിമകളുടെ പ്രമേയ പരിസരം. കഥാഖ്യാനത്തിലെ സവര്‍ണ ഘടനയെ ഉടച്ചു കളഞ്ഞ് ആശാരിയും, മൂശാരിയും, അരയനും, പാറമട തൊഴിലാളിയും, ലോറിക്കാരനും, വേശ്യയും, സര്‍ക്കസ് കോമാളിയും എല്ലാം ലോഹിയുടെ കഥാപാത്രങ്ങളായി. ജയിച്ചു മാത്രം പരിചിതമായ നായകസങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ത്ത എഴുത്തുജീവിതമാണ് ലോഹിയുടേത്. ജീവിതത്തോട് പട പൊരുതി തോറ്റുപോയവരാണ് മിക്ക നായകന്മാരും. തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്, കിരീടത്തിലെ സേതുമാധവന്‍, ഭരതത്തിലെ ഗോപിനാഥന്‍, ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍, അരയന്നങ്ങളുടെ വീട്ടിലെ രവീന്ദ്രനാഥ്, കന്മദത്തിലെ ഭാനു. പരാജിതരുടെ ആത്മസംഘര്‍ഷങ്ങളെ ലോഹിതദാസ് പകരം വെയ്ക്കാനില്ലാത്ത ചലച്ചിത്ര അനുഭവമാക്കിമാറ്റി.

നാട്ടിടവഴികളില്‍ നാം കണ്ട മുഖങ്ങള്‍ പലതും വെള്ളിവെളിച്ചത്തിലെത്തി, താരങ്ങള്‍ മണ്ണിലിറങ്ങി, കണ്ണീരും ചിരിയും നോവും പങ്കിട്ടു തന്ന തനി മനുഷ്യന്മാരായി. തനിയാവര്‍ത്തനം എന്ന ആദ്യസിനിമ മലയാളത്തിലെ ഭാവുകത്വത്തിന്റെ മാറ്റമായിരുന്നു. തീഷ്ണമായ അനുഭവങ്ങളുടെയും ഒറ്റപ്പെടലിന്റെയും വിഷാദത്തിന്റെയും ദാരിദ്ര്യത്തിന്റെയും നാള്‍വഴികളിലൂടെ കടന്നുപോയ, വിവിധ തരക്കാരായ മനുഷ്യജീവിതങ്ങളുടെ സന്തോഷങ്ങളും വിങ്ങലുകളും ഉയര്‍ച്ചതാഴ്ചകളും അടുത്തറിഞ്ഞ ഒരു കാലം ലോഹിതദാസിനുണ്ട്. തിയേറ്ററിന്റെ ഇരുളില്‍ പ്രേക്ഷകനും സിനിമയും ഒന്നാകുന്നതിന്റെ ഇന്ദ്രജാലം ആ അനുഭവക്കരുത്തിന്റെ പിന്‍ബലം തന്നെയാണ്.

അടച്ചിട്ട മുറികളില്‍ ഇരുന്ന് സൃഷ്ടിച്ചവയല്ല ലോഹിയുടെ കഥാപാത്രങ്ങള്‍, ജീവിതങ്ങളുടെ ഇടവഴികളിലൂടെ കണ്ടും കേട്ടും പറഞ്ഞും നടന്ന് പോയപ്പോള്‍ ലഭിച്ച അനുഭവങ്ങളില്‍ നിന്നും ആ മനുഷ്യന്‍ കണ്ടെടുത്ത കഥകളും കഥാപാത്രങ്ങളുമാണ് അമ്പതിലധികം തിരക്കഥകളായി മാറിയത്. അപരിചിതരായ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും അവയിലൊന്നിലും നമുക്ക് കാണാനാവില്ല. അച്ചൂട്ടിയും, സേതുമാധവനും, ഹൈദ്രോസും, ഭാനുവും, സീതയും, ചിന്നുവും, കുഞ്ഞമ്മാമയും അങ്ങിനെ ലോഹിതദാസ് സ്യഷ്ടിച്ച കഥാപാത്രങ്ങളില്‍ ഏതാണ്ട് എല്ലാവരും നമ്മുടെ പരിസരങ്ങളില്‍ ഉള്ളവരോ നമുക്കൊപ്പം ജീവിക്കുന്നവരോ കേട്ടറിവുള്ളവരോ ആണെങ്കിലും അതു നേരിട്ട് മനസ്സിലാക്കാന്‍ നമുക്കാകുന്നില്ല.

മനസ്സ് തുറന്ന് സംസാരിക്കാന്‍, കുടുംബപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകും മുമ്പ് പറഞ്ഞ് സ്‌നേഹത്തെ ഊട്ടിയുറപ്പിക്കുവാന്‍ പക്ഷപാതിത്വമില്ലാതെ ഇടപെടുവാന്‍ ആളുകള്‍ ഇല്ലാതെ പോകുന്നു. പരസ്പരം പഴിചാരിയും ആക്രമിച്ചും ജീവിതം നരകതുല്യമാക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന,
ബന്ധങ്ങള്‍ തകര്‍ന്ന് മലയാളി മനസ്സുകള്‍ അതിവേഗം ഡിപ്രഷനിലേക്കും ചികിത്സകളിലേക്കും എത്തുന്ന ഇക്കാലത്ത് ലോഹി ചിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ്. എല്ലാ മൗനങ്ങളും സമ്മതങ്ങളല്ല, ചില നിശ്ശബ്ദതക്ക് ആരവങ്ങളേക്കാള്‍ മുഴക്കമുണ്ട്, ചില തേങ്ങലുകള്‍ക്ക് ഗര്‍ജ്ജനങ്ങളേക്കാള്‍ കരുത്തുണ്ട് എന്ന് ആദ്യ തിരക്കഥ മുതല്‍ അദ്ദേഹം തെളിയിച്ചു.

സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ എല്ലാ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ലോഹിതദാസ്. ആദ്യം സംവിധാനം ചെയ്ത ഭൂതക്കണ്ണാടിക്ക് ദേശീയപുരസ്‌കാരം. കന്മദവും, കസ്തൂരിമാനും, സൂത്രധാരനുമടക്കം പന്ത്രണ്ട് സിനിമകള്‍ സംവിധാനവേഷത്തില്‍, അമ്പതിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി, ചില സിനിമകള്‍ക്ക് പാട്ടുമെഴുതി. നാടകത്തിലായിരുന്നു തുടക്കം, തോപ്പില്‍ഭാസിക്ക് വേണ്ടി നിരവധി നാടകങ്ങളെഴുതി. മഹാനടന്‍ തിലകന്‍ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു.

വിയോഗത്തിന്റെ വ്യാഴവട്ടക്കാലം പൂര്‍ത്തിയാകുമ്പോഴും അമരാവതിയുടെ പൂമുഖത്തെ ചാരുകസേരയ്ക്കു പങ്കുവെയ്ക്കാനുള്ളതു നാട്യങ്ങളില്ലാത്ത കഥാകാരന്റെ നന്മയൂറുന്ന ഓര്‍മ്മകള്‍ മാത്രം…