" എന്നും എൻ കാവൽ"; 'കാതൽ' ഇമോഷണൽ മെലഡി സോം​ഗ് ലിറിക് വീഡിയോ

ജിയോ ബേബിയുടെ സംവിധാനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് കാതൽ.തമിഴ് താരം ജ്യോതിക നായികയായി എത്തുന്ന ചിത്രത്തിന്റെ ലിറിക് വീഡിയോ ഇപ്പോൾ‌ പുറത്തുവന്നിരിക്കുകയാണ്. എന്നും എൻ കാവൽ എന്ന് തുടങ്ങുന്ന ഇമോഷണൽ മെലഡി സോം​ഗ് ആണ് റിലീസ് ചെയ്തിരിക്കുന്നത്.

അൻവർ അലിയു‌ടെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് മാത്യൂസ് പുളിക്കൻ ആണ്. ജി വേണുഗോപാലും ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവംബർ 23ന് കാതൽ തീയേറ്ററുകളിൽ എത്തും. ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കാതല്‍.

ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് കാതല്‍. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലിൽ അവതരിപ്പിക്കുന്നത്.

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും കാതല്‍ പ്രദര്‍ശിപ്പിക്കും. 20 മുതൽ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. കൂടാതെ ഐഎഫ്എഫ്കെയിലും കാതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് പ്രദര്‍ശനം.