സാധാരണക്കാരനു മനസ്സിലാകാത്ത ഒരു കഥ എനിക്ക് സിനിമയാക്കാന്‍ താല്‍പ്പര്യമില്ല. സാധാരണ വിഷയം അസാധാരണമായ രീതിയില്‍ ചെയ്യാനാണ് താക്കോലില്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്- കിരണ്‍ പ്രഭാകരന്‍

സോക്രട്ടീസ് കെ. വാലത്ത്

ഷാജി കൈലാസ് നിര്‍മ്മിച്ച് കിരണ്‍ പ്രഭാകര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം “താക്കോല്‍” പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ശ്രദ്ധിക്കപ്പെട്ട ചിത്രമായ “ഇലക്ട്ര”യ്ക്കും അരനാഴികനേരമെന്ന സീരിയലിനും ശേഷമുള്ള കിരണിന്റെ സംവിധാന സംരഭമാണിത്. ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന താക്കോലിന്റെ വിശേഷങ്ങള്‍ സൗത്ത്‌ലൈവുമായി പങ്കുവയ്ക്കുകയാണ് സംവിധായകന്‍ കിരണ്‍ പ്രഭാകര്‍.

എന്താണ് താക്കോല്‍?

താക്കോലില്‍ ഒരാള്‍ അയാളുടെ അനുഭവങ്ങളെ സ്വയം നോക്കിക്കാണുകയാണ്. ഒരു ഇടവകയില്‍ നടക്കുന്ന ചില കാര്യങ്ങളും അതിന്റെയൊക്കെ പശ്ചാത്തലങ്ങളും അതിന്റെ അനന്തര വികാസ പരിണാമങ്ങളുമെല്ലാം അയാളുടെ കൂടി അനുഭവങ്ങളാണ്. എന്നാല്‍ അതിന്റെയൊക്കെ പരിസമാപ്തി എന്തായിരിക്കും എന്ന് അയാള്‍ക്ക് ഉല്‍ക്കണ്ഠയുണ്ട്. ചില ധാരണകളുമുണ്ട്. പക്ഷേ, അതെല്ലാം തകിടംമറിക്കുന്നൊരു ക്ലൈമാക്‌സിലേക്കാണ് താക്കോല്‍ നീങ്ങുന്നത്. ഇടവകയില്‍ പുതിതായി എത്തുന്ന ഒരു ഫാദറാണ് ഈ കഥാപാത്രം. ഫാദര്‍ അംബ്രോസ് വാസ് പോച്ചംപള്ളി. ഇന്ദ്രജിത്ത് ആണ് ഈ റോളില്‍. ഇടവകയിലെ ജീവിതവും അതില്‍ അറിഞ്ഞോ അറിയാതെയോ ഇടപെട്ടു പോകുന്ന സ്വന്തം ജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളും അതില്‍ നിന്നു കരകയറാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും അതിലടങ്ങിയ നര്‍മ്മങ്ങളുമാണ് ചിത്രം പറയുന്നത്. ഒപ്പം മറ്റൊരു വികാരിയച്ചനായ ഫാദര്‍ മാങ്കുന്നത്ത് പൈലി തന്‍രെ ജീവിതത്തില്‍ ഉണ്ടാക്കിയ ചില പൂട്ടുകള്‍ തുറക്കാനുള്ള താക്കോലും ഫാദര്‍ അംബ്രോസിനു തേടേണ്ടി വരുന്നു. സ്വയമറിയലിന്റേയും തേടലിന്റെയും ജീവ ഗതി ഫാദര്‍ മാങ്കുന്നത്തുമായി തനിക്കുള്ള ബന്ധത്തിന്റെ അഴങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് ഈ കഥാപാത്രമറിയുന്നു. ഈ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ ഒരു ഇടവകയിലെ സാധാരണ ജനജീവിതത്തിനു മധ്യേ വച്ചു നോക്കികാണുകയാണ് താക്കോലില്‍.

അഭിനേതാക്കളും അവരുടെ വേഷങ്ങളും?

ഇന്ദ്രജിത്തും മുരളീ ഗോപിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നതെന്ന് പറഞ്ഞല്ലോ. മനസ്സടുപ്പമുള്ള നടന്‍മാരാണവര്‍. അവര്‍ ഒരുമിച്ചപ്പോഴൊക്കെ നല്ല സിനിമകള്‍ ഉണ്ടായിട്ടുണ്ട്. “ഈ അടുത്തകാലത്ത്”, “ലെഫ്റ്റ് റൈറ്റ്” തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.നല്ല കെമിസ്ട്രിയാണ് അവര്‍ തമ്മില്‍. ഈ ചിത്രത്തില്‍ അവര്‍ തങ്ങളുടെ വേഷം നന്നാക്കാന്‍ ഇഞ്ചോടിഞ്ച് പരിശ്രമിച്ചിട്ടുണ്ട്. ഇന്ദ്രന്റെ വികാരിയുടെ സീനിയറും അദ്ദേഹത്തിന്റെ ജീവിതത്തെ സംഘര്‍ഷങ്ങളിലേക്കു തള്ളിയിടുന്നയാളുമായാണ് മുരളിയുടെ മാങ്കുന്നത്ത് പൈലി. ഇന്ദ്രനും മുരളിയും പള്ളി വികാരിമാരായി ഒരുമിച്ചു വര്‍ക്ക് ചെയ്യുന്നത് “താക്കോലി”ലാണ്. പിന്നെ നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, ലാല്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ഇനിയ ആണ് നായിക. ഒപ്പം തുഷാര പിള്ളയും മീരാ വാസുദേവുമുണ്ട്. ഷാജി കൈലാസ് ചേട്ടന്റെ മകന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും താക്കോലിനുണ്ട്. റൂബിന്‍ ഷാജി കൈലാസ്, ഇന്ദ്രജിത്തിന്റെ കൗമാരം അവതരിപ്പിക്കുന്നത് റൂബിനാണ്.

ആല്‍ബിയാണ് ക്യാമറ ചെയ്തിരിക്കുന്നത്. സിയാന്‍ ശ്രീകാന്ത് ആണ് എഡിറ്റര്‍. ഇവരടക്കമുള്ള ടെക്‌നീഷ്യന്‍സൊക്കെ വളരെ ആത്മാര്‍ത്ഥമായി താക്കോലിനു വേണ്ടി വര്‍ക്ക് ചെയ്തിട്ടുണ്ട്. അഭിനേതാക്കളും സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തവരും ഈ സിനിമയ്ക്കു വേണ്ടി അവരിതുവരെ ചെയ്തതില്‍ നിന്നും വളരെ വളരെ കൂടുതലാണ് ചെയ്യാനുള്ള ശ്രമം നടത്തിയിട്ടുള്ളതായി തോന്നി. അതിലവര്‍ വിജയിച്ചതായും.

ലൊക്കേഷന്‍?

അത് പ്രധാനമായും ഗോവയിലായിരുന്നു. പിന്നെ കുറേ ഭാഗങ്ങള്‍ വാഗമണ്ണിലും പാലായിലുമായിരുന്നു.

പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസാല്ലോ താക്കോലിന്റെ നിര്‍മ്മാതാവ്. അദ്ദേഹവുമായുള്ള അസോസിയേഷനെ കുറിച്ച്-

തീര്‍ച്ചയായും അത് വലിയൊരു ശക്തിയാണ് എനിക്ക്. ഞാന്‍ അദ്ദേഹത്തിന്റെയുടുത്ത് ഒരു സ്‌ക്രിപ്റ്റ് എഴുതാനാണ് ആദ്യം ചെല്ലുന്നത്. പല കാരമങ്ങളാല്‍ അതു നീണ്ടു പോയി. ആ സമയത്താണ് എന്റെ ഈ കഥയിലേക്ക് ഡിസ്‌കഷന്‍ മാറുന്നത്. ഇത് എനിക്കു തന്നെ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് ഞാന്‍ ഷാജി ചേട്ടനോടു പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചേട്ടന്‍ പറഞ്ഞു- എന്നാല്‍ ഈ സിനിമ ഞാന്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന്. അങ്ങനെയാണിത് പ്രോജക്ടാവുന്നത്. മാത്യു തെക്കോല്‍ എന്ന ഒരു സഹനിര്‍മ്മാതാവും കൂടിയുണ്ട്. കഥ രൂപപ്പെട്ടതിനു ശേഷം ഞാനിത് ആദ്യം ഡിസ്‌കസ് ചെയ്തത് സിബി സാറുമായിട്ടാണ്- സിബി മലയില്‍. അദ്ദേഹമെനിക്ക് ഗുരുസ്ഥാനത്താണ്. അദ്ദേഹമാണ് ഈ കഥയുമായി മുന്നോട്ടു പോകാനുള്ള പ്രചോദനം തന്നത്.

താക്കോലിന്റെ മറ്റ് ഹൈലൈറ്റ്‌സ്?

പ്രധാനമായും സംഗീതവിഭാഗവും സൗണ്ട് ഡിസൈനിംഗുമാണ്. റസൂല്‍ പൂക്കുട്ടിയുടെ മികച്ച സംഭാവനകളിലൊന്നായിരിക്കും ഇതിലെ ശബ്ദസംവിധാനം. കഥയിലും സിനിമയിലും വേണ്ട ശബ്ദങ്ങളുടെ സാന്ദര്‍ഭികമായ പ്രസക്തിയും പ്രാധാന്യവും നമ്മെ അതിശയകരമായി റസൂല്‍ അനുഭവപ്പെടുത്തുന്നുണ്ട്. എം. ജയചന്ദ്രനാണ് മ്യൂസിക്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ ജീവിതത്തില്‍ മ്യൂസിക്കിനു വലിയ പ്രാധാന്യമുണ്ടല്ലോ. ഒട്ടേറെ മ്യുസീഷ്യന്മാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ നിന്ന് വന്നിട്ടുമുണ്ട്. ദേവാലയങ്ങല്‍ കേന്ദ്രീകരിച്ചും മ്യൂസിക്കിനൊരു പ്രധാന്യമുണ്ട്. ഈ സിനിമയില്‍ നാല് പാട്ടുകളാണുള്ളത്. അതൊക്കെ കഥ ഉല്‍ക്കൊള്ളുന്നതുകൊണ്ട്. എം. ജയചന്ദ്രന്‍ ആ ഒരു സംസ്‌കാരം കൂടി ആഴത്തില്‍ മനസ്സിലാക്കിയാണ് പാട്ടുകല്‍ ചിട്ടപ്പെടുത്തിയത്. മധ്യകാല ബൈസന്റയിന്‍ സംഗീതങ്ങളും കാന്‍ഡിഗാഡുകളുടെ ഭക്തിസാന്ദ്രമായ ആലാപനരീതികളും എല്ലാം റഫര്‍ ചെയ്താണ് ജയചന്ദ്രന്‍ ഇതിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ജയചന്ദ്രന്‍ തന്നെ പശ്ചാത്തലസംഗീതം ചെയ്യണമെന്ന് എനിക്ക് വലിയ നിര്‍ബന്ധമുണ്ടായിരുന്നു. പാട്ടുകള്‍ ശരിക്കും സ്‌റ്റോറി ടെല്ലിംഗ് ഡിവൈസാണ്. സിനിമയുടെ കഥയുമായും കഥാ സന്ദര്‍ഭങ്ങളുമായും വലിയ അടുപ്പം വരികള്‍ക്കുണ്ടാവും. കഥയില്‍ രൂപകല്‍പ്പന ചെയ്യുന്ന ബൈബിളിന്റെ ടെക്സ്റ്റും എല്ലാം മുന്‍ നിര്‍ത്തിയാണ് ഈ പാട്ടുകള്‍ വരുന്നത്. ആ രീതികളില്‍ പാട്ടുകള്‍ എവുതിയിരിക്കുന്നത് മൂന്ന് പ്രശസ്തരാണ്. റഫീക്ക് അഹമ്മദും പ്രഭാവര്‍മയും സതീഷ് ഇടിമണ്ണയിലും. സതീഷ് മാതാ അമൃതാനന്ദമയിയുടെ ബ്രദറാണ്. ഇവര്‍ മുന്നുപേരും ഗംഭീരമായിട്ടെഴുതിയിട്ടുണ്ട്.

താക്കോലിലേക്കെത്തും മുമ്പ് മറ്റു പല കഥകളും മനസ്സില്‍ വന്നിരിക്കുമല്ലോ. അതെല്ലാം മാറ്റി താക്കോലിലേക്കു വന്നെത്തിയത്?

നമുക്കു കഥ കിട്ടുന്നതു പലപ്പോഴും സാധാരണ ജനങ്ങളുമായിട്ടുള്ള ഇന്റര്‍ ആക്ഷനില്‍ നിന്നാണ്. സാധാരണക്കാരനു മനസിലാകാത്ത ഒരു കഥ എനിക്ക് സിനിമയായിട്ടു ചെയ്യാന്‍ താല്‍പ്പര്യമില്ല. എല്ലാവരുമായും സിനിമ കമ്മ്യൂണിക്കേറ്റ ്‌ചെയ്യണം. എന്നാല്‍ ഗൗരവമായ വിഷയങ്ങളൊന്നും ഇല്ലാത്തതാകണമെന്നുമില്ല. ഈ സാധാരണക്കാരന്‍ തന്നെ എന്നും ഗൗരവമായ എത്രയോ വിഷയങ്ങളിലൂടെ സഞ്ചരിക്കുന്നു. അവന് അറിയാത്തതായി അവന്‍ അനുഭവിയ്ക്കാത്തതായി ഒന്നും തന്നെ ഇവിടെയില്ലല്ലോ. അത് അവനു കൂടി രസകരമായി തോന്നുന്ന വിധത്തില്‍ അവതരിപ്പിക്കാനാവും എന്നു തോന്നിയതു കൊണ്ടാണ് ഞാനീ കഥയുമായി മുന്നോട്ടു നീങ്ങിയത്. നമ്മല്‍ കാമുന്ന സാധാരണക്കാരായ ആളുകള്‍ തന്നെയാണിതിലെ കഥാപാത്രങ്ങല്‍. അതുകൊണ്ടു തന്നെ താ്‌ക്കോല്‍ സാധാരണക്കാരുടെ സിനിമയാണ്. എന്നാല്‍ കുറച്ചൊക്കെ അസാധാരണത്വമുള്ളതും. ഈ മാസം ചിത്രം തിയേറ്ററുകളിലെത്തും.