സ്ക്രീനിൽ ടീനേജുകാരിയായി എത്തി 73 വയസ്സുള്ള സിഗോണി, ഗര്‍ഭിണിയായി കേറ്റും; 'അവതാര്‍ 2'വിലെ അത്ഭുതങ്ങള്‍

ലോക സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സിനിമയെന്ന റെക്കോര്‍ഡുള്ള ചിത്രമാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍. സിനിമയുടെ രണ്ടാം ഭാഗം ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ അതിനെ മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള ബോക്സോഫീസില്‍ 5000 കോടി രൂപയോളം പിന്നിട്ടിരിക്കുകയാണ് സിനിമ ഇപ്പോള്‍.

നെയ്ത്തിരിയെ വിവാഹം കഴിക്കുന്ന ജേക്ക് സള്ളി ഗോത്ര തലവനാകുന്നതിലൂടെയാണ് അവതാര്‍ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുന്നത്. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും നെയ്തിരിയും നടത്തുന്ന സാഹസിക യാത്രകള്‍ കൊണ്ട് ‘അവതാര്‍ 2’ കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുന്നുണ്ട്. സിനിമയെ പോലെ തന്നെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. ജെയ്ക്കും നെയ്തിരിയുമാണ് ആദ്യ ഭാഗത്തില്‍ പ്രിയപ്പട്ടവരായതെങ്കില്‍ ഇത്തവണ അവരുടെ കുട്ടികളാണ് സ്‌കോര്‍ ചെയ്തത്. നെതെയാം, ലോക്, കിരി, തുക്ക് എന്നിവരാണ് അവതാറിന്റെ രണ്ടാം ഭാഗത്തില്‍ ശ്രദ്ധ നേടിയത്.

സ്ക്രീനിൽ ടീനേജുകാരിയായെത്തി അമ്പരപ്പിച്ച എഴുപത്തിമൂന്നുകാരി

ഇതില്‍ കിരിയുടെ കഥാപാത്രത്തെ ഗംഭീരമാക്കിയത് ഒരു 73 വയസുകാരിയാണെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ടീനേജുകാരിയായ കിരിയായി എത്തിയത് സിഗോണി വീവര്‍ എന്ന നടിയാണ്. അവതാറിന്റെ ആദ്യ ഭാഗത്തില്‍ സിഗോര്‍ണി അവതരിപ്പിച്ച ഡോക്ടര്‍ ഗ്രേസ് എന്ന കഥാപാത്രം മരിച്ചു പോകുന്നുണ്ട്. എന്നാല്‍ സിഗോണി രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് കാമറൂണ്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഏത് രൂപത്തില്‍ പുനര്‍ജനിക്കുമെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. പ്രതീക്ഷകള്‍ക്കപ്പുറം പതിനാലുകാരിയായ കിരി എന്ന കഥാപാത്രമായാണ് 73 കാരിയായ സിഗോണി വേഷമിട്ടത്. ജാക്ക് സള്ളിയുടെയും നെയ്തിരിയുടെയും ദത്തുപുത്രിയാണ് കിരി. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണെങ്കിലും കൗമാരക്കാരിയുടെ ചടുലതയും ഊര്‍ജ്ജവും കൗതുകം നിറഞ്ഞ ഭാവവുമെല്ലാം സിഗോണിയുടെ കയ്യില്‍ ഭദ്രമായിരുന്നു.

Avatar 2: Kate Winslet's dramatic first look revealed, actor says she's a  'warrior' | Entertainment News,The Indian Express

ടൈറ്റാനിക്കിന് ശേഷം കേറ്റ് വിന്‍സ്ലറ്റ് കാമറൂണുമായി ഒന്നിച്ച സിനിമയാണ് അവതാര്‍ 2. സിനിമയില്‍ കേറ്റ് ഏത് മേക്കോവറില്‍ വരുമെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. കടല്‍ പ്രദേശത്ത് ജീവിക്കുന്ന നാവി വിഭാഗമായ മെറ്റ്കയ്‌നയുടെ ഗോത്രത്തിലെ റോണല്‍ എന്ന കഥാപാത്രത്തെയാണ് കേറ്റ് അവതരിപ്പിച്ചത്. ഗര്‍ഭിണിയാണ് റോണല്‍. റോണലും അവരുടെ ഭര്‍ത്താവായ ടോണോവാരിയുമാണ് മെറ്റ്കയിനയുടെ നേതാക്കള്‍. ക്ലിഫ് കര്‍ട്ടിസ് ആണ് ടോണോവാരിയെ അവതരിപ്പിച്ചത്.

അവതാര്‍ അവസാനിക്കുന്നിടത്ത് നിന്നാണ് അവതാര്‍ ദ വേ ഓഫ് വാട്ടര്‍ ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയി നായകനെ തേടി വരുന്ന വെല്ലുവിളി ആണ് രണ്ടാം ഭാഗം. ഈ സിനിമയുടെ ഹൃദയവും ആത്മാവും ജേക്ക് സള്ളിയുടെയും നെയ്ത്തിരിയുടെയും കുടുംബത്തെ കേന്ദ്രീകരിച്ചാണ്, പ്രത്യേകിച്ച് അവരുടെ കുട്ടികളെ. അവതാര്‍ കാടിന്റെ ഭംഗി കാണിച്ചെങ്കില്‍, രണ്ടാം ഭാഗത്തില്‍ കടലിന്റെ ഭംഗിയാണ് വിസ്മയിപ്പിക്കുന്നത്.

നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലെ മറ്റൊരു ദ്വീപും അവിടുത്തെ മനുഷ്യരും അവരുടെ ശൈലികളും രീതികളുമാണ് ഇത്തവണ ജെയിംസ് കാമറൂണ്‍ അവതരിപ്പിച്ചത്. ഭൂമിക്ക് ശേഷം വാസ്യയോഗ്യമായ മറ്റൊരു ഗ്രഹമായ പാന്‍ഡോറ മനുഷ്യന്‍ കീഴടക്കാന്‍ ശ്രമിക്കുന്നു. അവിടെ ആധിപത്യം സ്ഥാപിക്കാനായി മനുഷ്യര്‍ എത്തുന്നതോടെയാണ് പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും കാഴ്ചകള്‍ കാണാനാവുന്നത്. മൂന്ന് മണിക്കൂറില്‍ പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കുന്ന സിനിമ. ഓരോ ഫ്രെയിമും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമാണ് രണ്ടാം ഭാഗം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. വിഷ്വല്‍സിന്റെ കാര്യത്തില്‍ ആയാലും ഒരുപക്ഷേ ഇത് വരെ ഇറങ്ങിയ എല്ലാ സിനിമകള്‍ക്കും മുകളില്‍ നില്‍ക്കുന്ന സിനിമയാണ് അവതാര്‍ ദ വേ ഓഫ് വാട്ടര്‍.