ഓസ്‌കര്‍ വേദിയിലെ അടി വില്ലനായി, വില്‍ സ്മിത്തും ജെയ്ഡ പിങ്കെറ്റും വിവാഹമോചനത്തിലേക്ക് ?

 

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകനെ മര്‍ദ്ദിച്ചശേഷം നടന്‍ വില്‍ സ്മിത്തിനെ വലിയ പ്രശ്‌നങ്ങളാണ് തേടിയെത്തുന്നത്. ഭാര്യ ജെയ്ഡ പിങ്കെറ്റുമായി നേരത്തെ തന്നെ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ വേര്‍പിരിയലിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതിനെക്കുറിച്ച് ഗൗരവകരമായി ചിന്തിക്കുകയാണെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമാചരിത്രത്തിലെ ഏറ്റവും മോശം വിവാഹമോചനമായിരിക്കും ഇതെന്നും അഭിപ്രായങ്ങളുണ്ട്.

വില്‍ സ്മിത്തും ജാഡ പിങ്കെറ്റുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഇടയ്ക്ക് അതെല്ലാം പറഞ്ഞ് പരിഹരിച്ചിരുന്നതായും എന്നാല്‍ ഓസ്‌കര്‍ വേദിയിലുണ്ടായ പ്രശ്നങ്ങള്‍ ഇരുവരുടെയും ജീവിതത്തില്‍ വീണ്ടും വിള്ളലുകള്‍ ഉണ്ടാക്കിയെന്നുമാണ് മാധ്യമങ്ങള്‍ പറയുന്നത്. സുഹൃത്തുക്കള്‍ മധ്യസ്ഥത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ചില ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഓസ്‌കര്‍ നിശയിലെ വിവാദ സംഭവത്തിന്റെ പേരില്‍ വില്‍ സ്മിത്ത് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സില്‍ നിന്നും രാജിവച്ചിരുന്നു. പത്ത് വര്‍ഷത്തേക്ക് ഓസ്‌കര്‍ അക്കാദമിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് വിലക്കുമുണ്ട്.

 

അതേസമയം വില്‍ സ്മിത്ത് ഇപ്പോള്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിലെ പ്രൈവറ്റ് ടെര്‍മിനലില്‍ വെച്ചാണ് അദ്ദേഹത്തെ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞത്. മുംബൈയിലെ ഹോട്ടലിലാണ് താമസം. എന്തിനാണ് വില്‍ സ്മിത്ത് ഇന്ത്യയിലെത്തിയതെന്ന് വ്യക്തമല്ല. ഒരു ഹിന്ദു സന്യാസിയും വില്‍ സ്മിത്തിനൊപ്പമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മീയ ഗുരു സദ്ഗുരുവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം ഏറെ പ്രശസ്തമാണ്. അമേരിക്കയിലെ വില്‍ സ്മിത്തിന്റെ വസതി സദ്ഗുരു സന്ദര്‍ശിച്ചിട്ടുണ്ട്.