കാത്തിരിപ്പിന് അവസാനം; 'അവതാര്‍ 2' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിച്ച സിനിമയാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി സിനിമപ്രേമികള്‍ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പുകള്‍ക്ക് ഒരവസാനമെന്നോണം ‘അവതാര്‍ 2’വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.

‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ എന്നാണ് രണ്ടാം ഭാഗത്തിന് പേരു നല്‍കിയിരിക്കുന്നത്. ട്വന്റീത് സെഞ്ച്വറി ഫോക്‌സാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ ഇവരാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്ററിനൊപ്പം റിലീസ് ചെയ്യുന്ന തിയതിയും പുറത്തുവിട്ടിരിക്കുന്നത്. ലാസ് വേഗാസിലെ സീസര്‍ പാലസില്‍ നടന്ന സിനിമാകോണ്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം.

മെയ് ആറിന് ചിത്രത്തിന്റെ ട്രെയിലര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. കേറ്റ് വിന്‍സ്ലെറ്റ്, സിഗൂണി വീവര്‍, എഡീ ഫാല്‍ക്കോ, മിഷേല്‍ യോ, ഊനാ ചാപ്ലിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഡോക്ടര്‍ സ്‌ട്രെയിഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്ന ചിത്രത്തിനൊപ്പമാണ് അവതാര്‍ 2വിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുക.