ഹാരി പോട്ടര്‍ ചിത്രങ്ങളിലെ പ്രൊഫസര്‍ ആല്‍ബസ് ഡംബില്‍ഡോര്‍ ഇനിയില്ല; ലോക പ്രശസ്ത നടന്‍ മൈക്കിള്‍ ഗാംബന്‍ വിടവാങ്ങി

ഹോളിവുഡ് ചിത്രമായ ഹാരി പോട്ടറില്‍ പ്രൊഫസര്‍ ആല്‍ബസ് ഡംബില്‍ഡോറിനെ അവതരിപ്പിച്ച് ജനഹൃദയം കീഴടക്കിയ ബ്രിട്ടീഷ് നടന്‍ മൈക്കിള്‍ ഗാംബന്‍ അന്തരിച്ചു. 82 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മരണ വിവരം കുടുംബം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

സിനിമ, ടെലിവിഷന്‍, റേഡിയോ എന്നീ മേഖലകളില്‍ നിറ സാന്നിധ്യമായിരുന്നു മൈക്കിള്‍ ഗാംബന്‍. ഒലിവിയര്‍ അവാര്‍ഡും നാല് ടെലിവിഷന്‍ ബാഫ്റ്റകളും നേടിയിട്ടുണ്ട് ഗാംബന്‍. ഹാരി പോട്ടര്‍ ചിത്രങ്ങളിലെ മാജിക് സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ ആല്‍ബസ് ഡംബില്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഗാംബന്‍ ലോക പ്രശസ്തി നേടുന്നത്.

അയര്‍ലന്റില്‍ ജനിച്ച ഗാംബന്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 1962ല്‍ ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ ഗേറ്റ്‌സ് തിയറ്റേറില്‍ അവതരിപ്പിച്ച ഒഥല്ലോയിലൂടെയാണ് ഗാംബന്‍ ആദ്യമായി വേദിയിലെത്തുന്നത്. ഹാരി പോട്ടറിലെ എട്ട് ഭാഗങ്ങളില്‍ ആറ് ചിത്രങ്ങളിലും ഗാംബന്‍ വേഷമിട്ടിരുന്നു.