ഓസ്കർ വേദിയിൽ തിളങ്ങുമോ നോളൻ? അഭിമാനമാകുമോ ആ ഇന്ത്യൻ സിനിമ

സിനിമ പ്രേമികൾ എക്കാലത്തും പ്രതീക്ഷയോടെ നോക്കികാണുന്ന ഒന്നാണ് ഓസ്കർ അവാർഡ് എന്നറിയപ്പെടുന്ന അക്കാദമി പുരസ്കാരങ്ങൾ. 1929 ലാണ് ആദ്യമായി അക്കാദമി അവാർഡ് ഏർപ്പെടുത്തിയത്. എന്നാൽ 1953-ലെ പുരസകാര ദാനമാണ് ആദ്യമായി ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തത്.

മാർച്ച് 10 നാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സഹ നടൻ, മികച്ച സഹനടി തുടങ്ങീ 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺഹെയ്മർ’ തന്നെയാണ് ഇത്തവണത്തെ ഓസ്കർ സിനിമകളിൽ മുന്നിൽ നിൽക്കുന്നത്. കരിയറിൽ എപ്പോഴും വ്യത്യസ്തമായ സിനിമകൾ സംവിധാനം ചെയ്ത ക്രിസ്റ്റഫർ നോളന് ഇതുവരെയും ഒരു അക്കാദമി അവാർഡ് ഇല്ലെന്നുള്ള പേരുദോഷം ഓപ്പൺഹെയ്മറിലൂടെ മാറുമെന്നാണ് സിനിമാ പ്രേമികളും നോളൻ ഫാൻസും പ്രതീക്ഷിക്കുന്നത്.

Oppenheimer (2023) - IMDb

ഓപ്പൺഹെയ്മറിനൊപ്പം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്ത ‘ബാർബി’. മികച്ച ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച സഹ നടൻ, മികച്ച സഹ നടി എന്നീ വിഭാഗങ്ങളിൽ നോമിനേഷൻ നേടിയ ചിത്രം, മികച്ച സംവിധായികയ്ക്കും മികച്ച നടിക്കുമുള്ള നോമിനേഷന് പരിഗണിക്കപ്പെടാത്തതിൽ പരക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ വർഷത്തെ ബോക്സ് ഓഫീസ് കളക്ഷനിലും ഓപ്പൺഹെയ്മറെ പിന്നിലാക്കി 144 കോടി യു. എസ് ഡോളറുമായി ബാർബി തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്.

Barbie (2023) - IMDb

അക്കാദമി അവാർഡിൽ സിനിമ പ്രേമികൾ ഉറ്റുനോക്കുന്ന മറ്റൊരു ചിത്രമാണ് ജസ്റ്റിൻ ട്രയറ്റ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ‘അനാട്ടമി ഓഫ് എ ഫാൾ’. 76 മത് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയ ചിത്രം മികച്ച നിരൂപക പ്രശംസകളും നേടിയിരുന്നു.

Anatomy of a Fall / The Garden Cinema

കൂടാതെ മികച്ച ചിത്രത്തിനും, മികച്ച തിരക്കഥയ്ക്കുമുള്ള ഗോൾഡൻ ഗ്ലോബ് അവാർഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. അക്കാദമി അവാർഡിലേക്ക് വരുമ്പോൾ മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള നോമിനേഷനുകൾ അടക്കം 5 നോമിനേഷനുകളാണ് ചിത്രം നേടിയിരിക്കുന്നത്.

ഇത്തവണത്തെ അക്കാദമി അവാർഡിൽ പ്രേക്ഷകർ പ്രതീക്ഷയോടെ നോക്കുന്ന മറ്റൊരു ചിത്രമാണ് മാർട്ടിൻ സ്കോർസെസെ സംവിധാനം ചെയ്ത്, ലിയോനാർഡോ ഡി കാപ്രിയോയും ലില്ലി ഗ്ലാഡ്സ്റ്റണും പ്രധാന വേഷത്തിലെത്തിയ ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’. 10 നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Killers of the Flower Moon (2023) Movie Information & Trailers | KinoCheck

അതിൽ തന്നെ റോബർട്ട് ഡി നിറോയ്ക്ക് മികച്ച സഹ നടനുള്ളതും ലില്ലി ഗ്ലാഡ്സ്റ്റണിന് മികച്ച നടിക്കുള്ളതും റോഡ്രിഗോ പ്രിയേറ്റോയ്ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ളതും സ്കോർസെസെയ്ക്ക് മികച്ച സംവിധാനം, മികച്ച സിനിമ എന്നീ വിഭാഗങ്ങളിലും നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രേക്ഷകരെ നിരാശയിലാക്കിയത് ലിയോനാർഡോ ഡി കാപ്രിയോക്ക് മികച്ച നടനുള്ള നോമിനേഷൻ ലഭിക്കാത്തതിലായിരുന്നു.

ഓസ്കറിലെ മറ്റൊരു പ്രധാന ചിത്രമാണ് എമ്മ സ്റ്റോൺ, വില്ല്യം ഡാഫോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ‘പൂവർ തിങ്സ്’ എന്ന ചിത്രം.

Poor Things (2023) - IMDb

സൈഫൈ- കോമഡി ഴോണറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് മികച്ച ചിത്രം, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച അവലംബിത തിരക്കഥ തുടങ്ങീ 11 നോമിനേഷനുകളാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. നേരത്തെ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം സ്വന്തമാക്കിയ പൂവർ തിങ്സ് അക്കാദമി അവാർഡുകളിലും നേട്ടം കൊയ്യുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

ഓസ്കർ അവാർഡിലെ, പ്രേക്ഷകർ ഒറ്റുനോക്കുന്ന മറ്റൊരു ക്യാറ്റഗറിയാണ് മികച്ച വിദേശ ഭാഷ ചിത്രം എന്നത്. ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി, ഇറ്റലി, ജപ്പാൻ തുടങ്ങീ രാജ്യങ്ങളിൽ നിന്നുള്ള 5 ചിത്രങ്ങളാണ് ഇത്തവണ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള മത്സരത്തിലുള്ളത്.

Society of the Snow (2023) - IMDb

മത്തിയോ ഗാറോൺ സംവിധാനം ചെയ്ത ഈയോ ക്യാപിറ്റാനോ, വിം വെൻഡേഴ്സ് സംവിധാനം ചെയ്ത ‘പെർഫക്റ്റ് ഡേയ്സ്’. ജെ. എ ബയോന സംവിധാനം ചെയ്ത ‘സൊസൈറ്റി ഓഫ് ദി സ്നോ’, ഐകർ കാറ്റാകിന്റെ   ‘ദി ടീച്ചേഴ്സ് ലോഞ്ച്’, ജോനാഥൻ ഗ്ലേസറിന്റെ  ചെയ്ത ‘ദി സോൺ ഓഫ് ഇൻട്രസ്റ്റ്’ എന്നീ ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി മാറ്റുരയ്ക്കുന്നത്.

Perfect Days (2023) - IMDb

ഇന്ത്യയുടെ അഭിമാനമായി നിഷ പഹൂജയുടെ   ‘ടു കില്‍ എ ടൈഗര്‍’ ഓസ്കർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്.എന്തായാലും മാർച്ച്  10 വരെ നമ്മുക്ക് കാത്തിരിക്കാം ഓപ്പൺഹെയ്മർ ആണോ ബാർബിയാണോ അതോ മറ്റേതെങ്കിലും ചിത്രമാണോ ഇത്തവണ ഓസ്കർ തൂത്തുവാരാൻ പോകുന്നതെന്നറിയാൻ.

To Kill a Tiger (2022) - IMDb