മികച്ച നടന്‍ ബ്രെണ്ടന്‍ ഫേസര്‍; മികച്ച നടിയായി ഏഷ്യന്‍ വംശജ മിഷേല്‍ യോ

മികച്ച നടനുള്ള 95-ാം ഓസ്‌കര്‍ പുരസ്‌കാരം ബ്രെണ്ടന്‍ ഫേസറിന്. ‘ദ വെയ്ല്‍’ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. 90കളില്‍ തിളങ്ങിനിന്ന ബ്രെണ്ടന്‍ ഫേസര്‍ ദ വെയ്‌ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം മലേഷ്യന്‍ നടിയായ മിഷെല്‍ യോക്ക് സ്വന്തമാക്കി.

ഇതാദ്യമായിട്ടാണ് ഒരു ഏഷ്യന്‍ വംശജക്ക് മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിക്കുന്നത്. ‘എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. അമേരിക്കന്‍ കോമഡി ചിത്രമായ എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സില്‍ എവ്ലിന്‍ ക്വാന്‍ വാങ് എന്ന കഥാപാത്രത്തെയാണ് മിഷെല്‍ അവതരിപ്പിച്ചത്. ഡാനിയല്‍ ക്വാന്‍ ആണ് സംവിധാനം.

ഹോങ്കോംഗ് ആക്ഷന്‍ സിനിമകളുടെ ഒരു പരമ്പരയില്‍ അഭിനയിച്ചതിന് ശേഷം വെള്ളിത്തിരയില്‍ പ്രശസ്തയായ താരമാണ് മിഷേല്‍. ജെയിംസ് ബോണ്ട് ചിത്രമായ ടുമാറോ നെവര്‍ ഡൈസ് (1997), ആംഗ് ലീയുടെ ആയോധനകല ചിത്രമായ ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ (2000) എന്നിവയിലെ അഭിനയത്തിനും മിഷേല്‍ അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്.

Read more

അതേസമയം, 14 വര്‍ഷത്തിന് ശേഷം ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലെത്തി. ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ മികച്ച ഗാനമായി. ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ സംഗീത സംവിധായകന്‍ എം.എം കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങി. ദ എലിഫെന്റ് വിസ്പറേഴ്‌സ് മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിയായി.