ഇലോണ്‍ മസ്‌കുമായി ചേര്‍ന്ന് വഞ്ചിച്ചുവെന്ന് ജോണി ഡെപ്പ്, നടനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹേഡും

 

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും അംബര്‍ ഹേഡും തമ്മിലുള്ള വിവാഹമോചനക്കേസ് ആരോപണ പ്രത്യരോപണങ്ങള്‍ കൊണ്ട് കലുഷിതമാകുന്നു. 50 മില്യണ്‍ ഡോളറാണ് ഹേഡ്, ഇപ്പോള്‍ ഡെപ്പില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

താനുമായുള്ള വിവാഹത്തിന് ശേഷം ഹേര്‍ഡ് ടെസ്ല മോട്ടോര്‍സിന്റെയും, സ്പേസ് എക്സ് എന്നീ കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌കുമായി പ്രണത്തിലായെന്ന് ഡെപ് ആരോപിച്ചു. ഇതു സംബന്ധിച്ച് കോടതിയില്‍ ഒരു വീഡിയോയും ഹാജരാക്കി. എന്നാല്‍ ഇലോണ്‍ മസ്‌ക് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഹേഡ് ഡെപ്പുമായി പിരിഞ്ഞതിന് ശേഷമാണ് താനുമായി അടുത്തതെന്നും ഡെപ്പിന്റെ വാദങ്ങള്‍ തെറ്റാണെന്നും മസ്‌ക് പറഞ്ഞു.

2015 ലാണ് ഡെപും ഹേര്‍ഡും വിവാഹിതരാകുന്നത്. വിവാഹജീവിതത്തിലുടനീളം താന്‍ കടുത്ത ശാരീരിക-മാനസിക പീഡനത്തിന് വിധേയയായെന്നും ഹേര്‍ഡ് ആരോപിച്ചിരുന്നു. ഡെപ്പിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്നും കടുത്ത പീഡനമാണ് താന്‍ ദിവസവും അനുഭവിച്ചതെന്ന് ഹേഡ് നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും ഡെപ്പ് അടിമയാണെന്നാണ് ഹേഡ് പറയുന്നത്. ഡെപ്പിനെ രാക്ഷസന്‍ എന്നാണ് ഹേഡ് വിശേഷിപ്പിക്കുന്നത്.