പൊണ്ണത്തടിയന്‍ എന്ന പരിഹാസം, വിഷാദരോഗം; ഒടുവില്‍ രാജകീയമായ തിരിച്ചുവരവ്

മികച്ച നടനുള്ള അവാര്‍ഡ് നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെയാണ് ബ്രെന്‍ഡന്‍ ഫ്രേസര്‍ ഏറ്റുവാങ്ങിയത്. അതുവരെ താന്‍ കേട്ടിരുന്ന പരിഹാസങ്ങള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കുമുള്ള മറുപടിയാണ് ഫ്രേസറിന്റെ ഈ നേട്ടം. ദ് വെയ്ല്‍ എന്ന സിനിമയാണ് ഫ്രേസറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 90കളില്‍ ഹോളിവുഡ് സിനിമാപ്രേമികളെ ത്രസിപ്പിച്ച താരമായിരുന്നു ബ്രെന്‍ഡന്‍ ഫ്രേസര്‍.

‘ജോര്‍ജ് ഓഫ് ദി ജംഗിള്‍’, ‘മമ്മി’ സീരിസ്, ‘ജേര്‍ണി ടു ദി സെന്റര്‍ ഓഫ് എര്‍ത്ത്’ എന്നീ സിനിമകള്‍ ഫ്രേസറെ ശ്രദ്ധേയനാക്കി. എന്നാല്‍ സ്‌ക്രീനില്‍ കണ്ടിരുന്ന തമാശ നിറഞ്ഞ ജീവിതമായിരുന്നില്ല ഫ്രേസറിന്റെത്. 2013ല്‍ പുറത്തിറങ്ങിയ ‘ഗിമ്മി ഷെല്‍ട്ടര്‍’ എന്ന സിനിമയ്ക്ക് ശേഷം ഫ്രേസര്‍ സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷനായി. അമിതവണ്ണവും വിഷാദരോഗവും താരത്തെ വലച്ചു.

Brendan Fraser 'Starved of Carbohydrates' on 'George of the Jungle'

ആക്ഷന്‍ രംഗങ്ങളിലെ ആത്മസമര്‍പ്പണത്തിന്റെ ഫലമായി നട്ടെല്ലിന് ഉള്‍പ്പെടെ ഒരുപാട് ശസ്ത്രക്രിയകള്‍ക്ക് ഫ്രേസര്‍ വിധേയനാകേണ്ടി വന്നിരുന്നു. പിന്നാലെ താരത്തിന്റെ അമ്മയുടെ അപ്രതീക്ഷിത മരണവും ഫ്രേസറിനെ വിഷാദരോഗത്തിലേക്ക് എത്തിച്ചു. മീടു മൂവ്‌മെന്റുകള്‍ സജീവമായപ്പോള്‍ സിനിമാ നിരൂപകനും ജേണലിസ്റ്റുമായ ഫിലിപ് ബെര്‍ക്കില്‍ നിന്നും വന്ന ലൈംഗികചുവയുള്ള ചോദ്യത്തെ കുറിച്ച് ഫ്രേസര്‍ വെളിപ്പെടുത്തി. ഇതോടെ ഫ്രേസറിന് അവസരങ്ങളും കുറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ വിവാഹമോചന കേസ് ഫയല്‍ ചെയ്തു. പ്രതിമാസം 61 ലക്ഷം രൂപ ആയിരുന്നു ജീവനാംശമായി കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ സിനിമകള്‍ ഇല്ലാതിരുന്ന താരത്തിന് അത് വലിയ ബാധ്യതയായിരുന്നു.

വിഷാദാവസ്ഥയിലേക്ക് നീങ്ങുന്നതിനിടെയാണ് ‘ദ വെയ്ല്‍’ എന്ന സിനിമയില്‍ ഫ്രേസര്‍ അഭിനയിക്കുന്നത്. ഡാരന്‍ അരൊണോഫ്സ്‌കി സംവിധാനം ചെയ്ത സിനിമയാണ് ദ വെയ്ല്‍. പൊണ്ണത്തടി മൂലം കഷ്ടപ്പെടുന്ന അധ്യാപകന്‍ മകളുമായുള്ള സ്നേഹ ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതായിരുന്നു സിനിമയുടെ പ്രമേയം. ഫ്രേസറിന്റെ ജീവിതവും ഈ സിനിമാക്കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. സിനിമയില്‍ 272 കിലോ ഭാരമുള്ള മനുഷ്യനായാണ് താരം അഭിനയിച്ചത്. പ്രൊഫസര്‍ ചാര്‍ലി എന്ന കഥാപാത്രം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.

Read more

ഓണ്‍ലൈന്‍ ക്ലാസ് എടുക്കുമ്പോള്‍ കാമറ ഓഫ് ആക്കി വയ്ക്കുന്ന, പിസ ഡെലിവറി ബോയ്ക്ക് മുന്നില്‍ പോലും പ്രത്യക്ഷപ്പെടാന്‍ ഇഷ്ടപ്പെടാത്ത, കടം വീട്ടാനുള്ളത് കൊണ്ട് മാത്രം ജോലി ചെയ്യുന്ന പൊണ്ണത്തടിയനായ ഇംഗ്ലീഷ് പ്രൊഫസര്‍ ചാര്‍ലി. ബ്രെന്‍ഡന്‍ ഫ്രേസറിന് ഓസ്‌കര്‍ നേടിക്കൊടുത്ത കഥാപാത്രം. താന്‍ കടന്നു പോയ മാനസികാവസ്ഥയും ശാരീരിക ബുദ്ധിമുട്ടുകളും ബ്രെന്‍ഡന്‍ ഫ്രേസര്‍ ദ വെയ്‌ലിലൂടെ സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്. ഒടുവില്‍ അതിന് അംഗീകാരവും ലഭിച്ചു.