ഹോളിവുഡില്‍ സമരം മുറുകുന്നു; എമ്മി പുരസ്‌കാര ചടങ്ങ് മാറ്റിവച്ചു

ഹോളിവുഡില്‍ അഭിനേതാക്കളും എഴുത്തുകാരും ചേര്‍ന്ന് നടത്തുന്ന സമരം ശക്തമായതോടെ എമ്മി പുരസ്‌കാര ചടങ്ങ് മാറ്റിവച്ചു. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക, സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്-അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് നടത്തുന്ന സമരമാണിത്.

സെപ്റ്റംബര്‍ 18ന് നടക്കേണ്ടിയിരുന്ന 75-ാം എമ്മി പുരസ്‌കാരദാന ചടങ്ങ് മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാറ്റിവെക്കുന്നത്. 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അവസാനം മാറ്റിവച്ചത്.

നിര്‍മ്മിതബുദ്ധിയുടെ കടന്നു വരവുണ്ടാക്കുന്ന തൊഴില്‍ ഭീഷണി, പ്രതിഫലത്തിലെ കുറവ് എന്നിവ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് എഴുത്തുകാരും നടീനടന്മാരുമാണ് ഹോളിവുഡില്‍ സമരമുഖത്തുള്ളത്.

സ്റ്റുഡിയോ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് സമരത്തിന് ആഹ്വാനം ചെയ്തത്. റൈറ്റേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മേയ് മുതല്‍ എഴുത്തുകാരും പണിമുടക്കിലാണ്.