ഹോളിവുഡ് താരത്തിന്റെ കഴുത്ത് ഞെരിച്ച് യുവതി; ചാര്‍ലി ഷീനിനെ വീട്ടില്‍ക്കയറി ആക്രമിച്ചു

ഹോളിവുഡ് താരം ചാര്‍ലി ഷീനിന് നേരെ ആക്രമണം. താരത്തിന്റെ മാലിബുവിലെ ആഡംബര വസതിയില്‍ അതിക്രമിച്ച് കയറിയാണ് അയല്‍വാസിയായ സ്ത്രീ ആക്രമിച്ചത്. ഇലക്ട്ര ഷ്‌റോക്ക് എന്ന സ്ത്രീയാണ് ചാര്‍ലി ഷീനിനെ ആക്രമിച്ചതിന് അറസ്റ്റിലായത്.

ആക്രമണത്തിനും മോഷണശ്രമത്തിനും ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ചാര്‍ലിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സ്ത്രീ, നടന്‍ വാതില്‍ തുറന്നപ്പോള്‍ തന്നെ ആക്രമിക്കുകയായിരുന്നു. ചാര്‍ലിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കഴുത്തു ഞെരിക്കാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ചാര്‍ലിയും അയല്‍വാസിയും തമ്മില്‍ ആദ്യമായല്ല പ്രശ്‌നമുണ്ടാവുന്നത്. മുമ്പ് ഷീനിന്റെ കാറില്‍ ഈ സ്ത്രീ പശപോലുള്ള ദ്രാവകം പുരട്ടിയ സംഭവമുണ്ടായിട്ടുണ്ട്. 58കാരനായ ഷീന്‍, നടന്‍ മാര്‍ട്ടിന്‍ ഷീനിന്റെ മകനാണ്.

ലഹരിവസ്തുക്കളുടെ ഉപയോഗം, അക്രമം എന്നിവയുമായി ബന്ധപ്പെട്ട് ഹോളിവുഡില്‍ കുപ്രസിദ്ധിയാര്‍ജിച്ച നടനുമാണ് ചാര്‍ലി ഷീന്‍. പ്ലാറ്റൂണ്‍, വാള്‍ സ്ട്രീറ്റ്, യങ് ഗണ്‍സ് എന്നീ ചിത്രങ്ങളിലും സ്പിന്‍ സിറ്റി, ടു ആന്‍ഡ് ഹാഫ് മെന്‍ എന്നീ ടെലിവിഷന്‍ പരമ്പരകളിലും ഷീന്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തിയിരുന്നു.