പാട്ടിനിടെ പഴം കഴിച്ച ഗായിക അറസ്റ്റില്‍; നടപടി ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുമെന്ന് ആരോപിച്ച്

പാട്ട് പാടുന്നതിനിടെ പഴം കഴിച്ചതിന് ഗായിക അറസ്റ്റില്‍. സദാചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പഴം കഴിച്ചു എന്നാരോപിച്ച് ഈജിപ്ഷ്യന്‍ ഗായിക ഷൈമയാണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ സദാചാര്യമൂല്യങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്ന കുറ്റം ആരോപിച്ചാണ് ഗായികയെ അറസ്റ്റ് ചെയ്തത്. “ഐ ഹാവ് ഇഷ്യൂസ്” എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോയില്‍ അല്‍പ്പം സെക്സിയായി തന്നെയാണ് ഷൈമ പാടി അഭിനയിച്ചത്.

യുവാക്കള്‍ക്ക് ക്ലാസെടുക്കുന്ന രീതിയിലാണ് വീഡിയോയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ക്ലാസെടുക്കുന്നതിനിടയില്‍ ഗായിക ഏത്തപ്പഴവും ആപ്പിളും കഴിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ട്. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചത്. ഈജിപ്ഷ്യന്‍ പൊതുസമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ തകര്‍ക്കുന്ന തരം ദൃശ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കമെന്നാരോപിച്ചാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഇത്തരം ദൃശ്യങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുമെന്നും ലൈംഗികാസക്തി വളര്‍ത്തുമെന്നും ആരോപണമുയര്‍ന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഗായികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഗീത വീഡിയോയുടെ സംവിധായകന്‍ മുഹമ്മദ് ഗമാലും അറസ്റ്റിലായിട്ടുണ്ട്.