കരാര്‍ ലംഘിച്ചു; മുകേഷ് അവതാരകനായി എത്തുന്ന മിന്നും താരം പരിപാടി ഉപേക്ഷിച്ച് ഏഷ്യാനെറ്റ്?

നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്തയ്ക്ക് പിന്നാലെ മുകേഷ് അവതാരകനായി എത്താനിരുന്ന മിന്നും താരം എന്ന പരിപാടി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

മഴവില്‍ മനോരമയിലെ കോമഡി പ്രോഗ്രാമില്‍ മുകേഷ് പങ്കെടുത്തതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് വിവരം. ഏഷ്യാനെറ്റുമായി വെച്ചിരുന്ന കരാര്‍ ലംഘനമാണിതെന്നാണ് ആരോപണം.

എന്നാല്‍ മുകേഷിന്റെ വിവാഹമോചനത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളെ ഭയന്നാണ് ഏഷ്യാനെറ്റ് ഷോ നിര്‍ത്തി വെച്ചിരിക്കുന്നതെന്നാണ്  സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. മുകേഷിനെ വെച്ച് മിന്നും താരം എന്ന പരിപാടിയുടെ നാല് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതോടൊപ്പം തന്നെ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് അവതാരകയായ മീരയോടൊപ്പം മുകേഷ് അവതരിപ്പിച്ചിരുന്ന പ്രൊമോയും ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ഈ മാസം പതിന്നാലിന് ഷോ ടെലികാസ്റ്റ് ചെയ്യുവാനായിരുന്നു തീരുമാനം.