ചലച്ചിത്ര മേളയ്ക്കൊരുങ്ങി ഗോവ; ആസ്വാദകരെ കാത്തിരിക്കുന്നപ്രധാന ചിത്രങ്ങൾ എതൊക്കെ?

സാംസ്‌കാരിക വൈവിധ്യങ്ങളുടെ സ്വർഗ്ഗമായ ഗോവ വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനൊരുങ്ങുകയാണ്. പതിവുപോലെ തന്നെ ഇത്തവണയും ആസ്വാദകരെ കാത്തിരിക്കുന്നത് മികച്ച സിനിമാ അനുഭവങ്ങളാണ്. ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.ഇത്തവണ ഐഎഫ്എഫ്ഐ വേദികളിൽ പ്രദർശിപ്പിക്കുന്ന പ്രധാന ചിത്രങ്ങളെക്കുറിച്ചറിയാം.

ബ്രിട്ടീഷ് സംവിധായകന്‍ സ്റ്റുവേര്‍ട്ട് ഗാറ്റ് സംവിധാനം ചെയ്ത ക്യാചിങ് ഡസ്റ്റാണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം. നൂറി ബില്‍ജ് സെലാന്‍ സംവിധാനം ചെയ്ത എബൗട്ട് ഡ്രൈ ഗ്രാസസ് മിഡ്‌ഫെസ്റ്റ് ചിത്രമാകും. അമേരിക്കന്‍ സംവിധായകന്‍ റോബര്‍ട്ട് കൊളോഡ്‌നിയുടെ ബയോപിക് ആയ ദി ഫെതര്‍വെയ്റ്റാണ് സമാപന ചിത്രം. മലയാള ചിത്രം ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രം.

രോഹിത് എം ജി കൃഷ്ണന്റെ ഇരട്ട, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താന്‍ കേസ് കൊട്, ഗണേഷ് രാജിന്റെ പൂക്കാലം, ജൂഡ് ആന്റണിയുടെ 2018, മുതലായ മലയാള ചിത്രങ്ങള്‍ ഫീച്ചര്‍ സിനിമയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വിഖ്യാത ഹോളിവുഡ് താരവും നിര്‍മാതാവുമായ മൈക്കിള്‍ ഡഗ്ലസ് ലോകസിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുമെന്നതാണ് ഇത്തവണത്തെ ഐഎഫ്എഫ്‌ഐയുടെ മറ്റൊരു പ്രത്യേകത.