അലൻസിയർക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ നടൻ അലൻസിയർക്കെതിരെ സ്വമേധയാ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. സംസ്ഥാന അവാർഡുമായി ബന്ധപ്പെട്ട് പെൺ പ്രതിമ വിവാദത്തിൽ പ്രതികരണം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന പേരിൽ തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശിൽപക്ക് മാധ്യമ പ്രവർത്തക പരാതി നൽകിയിരുന്നു. റൂറൽ എസ്. പിയോട് വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന അവാർഡ് സ്വീകരിച്ച ശേഷം അങ്ങേയറ്റം നിരുത്തരവാദപരവും മ്ലേച്ഛവുമായാണ് അലൻസിയർ സംസാരിച്ചത്.വിയോജിപ്പുണ്ടെങ്കിൽ അയാൾ അവാർഡ് സ്വീകരിക്കരുതായിരുന്നു.

സംഭവത്തിന് ശേഷം പ്രസ്താവന തിരുത്താനോ സംഭവത്തിൽ മാപ്പ് പറയാനോ തയ്യാറായില്ല. മാത്രമല്ല പറഞ്ഞതിനെ ന്യായീകരിക്കുന്ന നിലപാടാണ് പിന്നീട് അങ്ങോട്ട് അലൻസിയർ സ്വീകരിച്ചത്. വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.

അലൻസിയറുടെ സ്ത്രീവിരുദ്ധ പ്രസ്താവനകളിൽ ഒരുപാട് വിമർശനങ്ങളാണ് താരത്തിന് നേരെ ഉയർന്നുവന്നത്. പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുത് എന്നും ആൺകരുത്തുള്ള മുഖ്യമന്ത്രിയുണ്ടാവുമ്പോൾ ആൺകരുത്തുള്ള പ്രതിമയാണ് പുരസ്കാരമായി നൽകേണ്ടത് എന്നായിരുന്നു അലൻസിയർ പറഞ്ഞത്, ശേഷം ഇതിന്റെ പ്രതികരണം എടുക്കാൻ വന്ന മാധ്യമപ്രവർത്തകയോടും  അപമര്യാദയായി അലൻസിയർ പെരുമാറിയിരുന്നു.