ദീപിക പണ്ടേ സംഘപരിവാറിന്റെ നോട്ടപ്പുള്ളി; 'പത്താന്‍' മാത്രമല്ല വിഷയം...

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദീപിക പദുക്കോണ്‍ ആണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം. പത്താനിലെ ‘ബേശരം രംഗ്’ തന്നെയാണ് വിഷയം. ഗാനരംഗത്തില്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചു എന്നതാണ് താരത്തെ ഇത്രയ്ക്ക് അങ്ങട് കേറി അധിക്ഷേപിക്കാനും ആക്രമിക്കാനുമുള്ള കാര്യമായി സംഘപരിവാര്‍, ബിജെപി, ഹിന്ദു സംഘടനകള്‍ വിഷയമാക്കി ഏറ്റെടുത്തിരിക്കുന്നത്.

ബോളിവുഡ് സിനിമകള്‍ ഒന്നും കാണാത്തവരാണോ ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് തോന്നിപ്പോയിരുന്നു. കാരണം സൂപ്പര്‍ നായികമാര്‍ എത്തുന്ന മിക്ക ബോളിവുഡ് സിനിമകളിലും ബിക്കിനി രംഗങ്ങള്‍ ഉണ്ടാവാറുണ്ട്. അന്നൊന്നും ഉണ്ടാവാതിരുന്ന ആക്രമണങ്ങളാണ് ഇന്ന് ദീപികയ്ക്ക് നേരെ നടക്കുന്നത്.

ഈ ബിക്കിനിയുടെ കാവി കളര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ മതത്തിനോ പേറ്റന്റ് ഉള്ളതാണോ? ഒരിക്കലും അല്ല. പിന്നെ സത്യത്തില്‍ ദീപികയെ ഇത്രയും വിമര്‍ശിക്കാന്‍ കാരണമെന്താണ്?

ദീപിക പദുക്കോണ്‍ എന്ന താരത്തെ ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ ആക്രമിക്കാന്‍ തുടങ്ങിയത് ഇപ്പോഴല്ല എന്നതാണ് വസ്തുത. പദ്മാവത് എന്ന സിനിമ റിലീസിന് തയാറെടുത്തപ്പോഴാണ് ദീപികയ്ക്ക് എതിരെ കടുത്ത പ്രതിഷേധം ഉയരാന്‍ തുടങ്ങിയത്. 2018ല്‍ എത്തിയ സിനിമയുടെ പേര് പദ്മാവതി എന്നായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് സിനിമയുടെ പേര് പദ്മാവത് എന്നാക്കിയത്. ദീപികയുടെ മൂക്ക് ചെത്തിക്കളയും എന്ന് വരെ അന്ന് സംഘപരിവാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദീപികയ്ക്ക് എതിരെ പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങിയത് ജെഎന്‍യു സമരത്തെ തുടര്‍ന്നാണ്.

Let's Say Deepika Padukone's JNU Visit Was A Promotion Strategy For Chhapaak. So What? | HuffPost Entertainment

രാജ്യത്തെ തന്നെ പിടിച്ചുലച്ച ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു കൊണ്ട് ദീപിക എത്തിയപ്പോള്‍ മുതല്‍ താരം രാഷ്ട്രീയ, മത സംഘടനകളുടെ നോട്ടപ്പുള്ളിയാണ്. 2020ല്‍ ജനുവരി 7ന് ആയിരുന്നു കറുത്ത വസ്ത്രം ധരിച്ച് ദീപിക വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജെഎന്‍യുവില്‍ എത്തിയത്. ഈ സന്ദര്‍ശനം ബിജെപി നേതാക്കാളെയും സംഘപരിവാര്‍ സംഘടനയെയും ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്.

സ്മൃതി ഇറാനി മുതല്‍ ഷാനവാസ് ഹുസൈന്‍ വരെയുള്ള കേന്ദ്ര നേതാക്കള്‍ ദീപികയ്‌ക്കെതിരെ അരയും തലയും മുറുക്കി രംഗത്തുവന്നു. അന്ന് ദീപികയുടെ സിനിമ ഛപക്കിന്റെ പ്രചാരണാര്‍ഥമാണ് നടി ജെഎന്‍യുവില്‍ പോയതെന്നും ദീപികയെയും ഛപാക്കിനെയും ബഹിഷ്‌കരിക്കണമെന്നുമുള്ള ആഹ്വാനവും സോഷ്യല്‍ മീഡിയില്‍ കുമിഞ്ഞുകൂടി. അഞ്ച് കോടി വാങ്ങിയാണ് നടി ജെഎന്‍യുവില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വരെ പലരും പ്രചരിപ്പിച്ചിരുന്നു.

Chhapaak Box Office Day 12 Morning Occupancy: Remains Low!

ബേശരം രംഗിനെ വിമര്‍ശിച്ച പല നേതാക്കളും ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം വീണ്ടും പൊക്കി എടുത്തിട്ടുണ്ട്. ‘പത്താന്‍’ സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണ് എന്നായിരുന്നു ബിജെപി എംഎല്‍എ റാം കദം ആരോപിച്ചത്. ജെഎന്‍യുവില്‍ ദീപിക എത്തിയതുള്‍പ്പടെ ചൂണ്ടിക്കാട്ടി ആയിരുന്നു എംഎല്‍എയുടെ ട്വീറ്റ്. ഹിന്ദുത്വത്തെ അപമാനിക്കുന്ന സിനിമയോ സീരിയലോ മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എംഎല്‍എ പറയുന്നുണ്ട്. മധ്യപ്രദേശില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടിലാണ് സംസ്ഥാനത്തെ മന്ത്രിമാരും. വീര്‍ ശിവജി എന്ന സംഘടന ദീപികയുടെയും ഷാരൂഖ് ഖാന്റെയും ചിത്രങ്ങള്‍ കത്തിക്കുന്ന പ്രതിഷേധത്തില്‍ വരെ എത്തിയിട്ടുണ്ട്.

Read more

അതേസമയം, ദീപികയ്ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ പലരും പ്രതികരിക്കുന്നുമുണ്ട്. കാവി ധരിച്ച സ്വാമിമാര്‍ക്ക് പ്രായപൂര്‍ത്തിയാവാത്ത കൊച്ചു പെണ്‍കുട്ടികളെ പീഡിപ്പിക്കാം, എന്നാല്‍ ഒരു സ്ത്രീക്ക് സിനിമയില്‍ കാവി നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചോദിച്ച് പോവുകയാണ് എന്നായിരുന്നു നടന്‍ പ്രകാശ് രാജിന്റെ പ്രതികരണം. ബാബ രാംദേവിന്റെ ചിത്രങ്ങള്‍ പങ്കുവച്ചും പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇത് മാത്രമല്ല, ഫിഫ വേള്‍ഡ് കപ്പ് വേദിയില്‍ ഫൈനല്‍ ട്രോഫി അനാവരണം ചെയ്യാനെത്തിയതോടെ അഭിനന്ദനങ്ങളും ദീപികയ്ക്ക് വരുന്നുണ്ട്. ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോള്‍, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറിയിരുന്നു.