‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ‘ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. എന്തിനാണ് സിനിമയിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഒരു പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും കോടതി ചോദിച്ചു.

‘രംലക്കൻ’ എന്ന പേരിൽ സിനിമയുണ്ടെന്ന് പരാമർശിച്ച കോടതി പിന്നെ എന്താണ് ‘ജാനകി’ എന്ന പേരിൽ കുഴപ്പമെന്നും സെൻസർ ബോർഡിനോട് ചോദിച്ചു. എന്നാൽ സിനിമയിൽ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് ‘ജാനകി’ എന്നും അതുകൊണ്ടാണ് പേര് മാറ്റാൻ നിർദേശിച്ചതെന്നുമാണ് സെൻസർ ബോർഡ് കോടതിയിൽ അറിയിച്ചത്.

അതേസമയം ‘ജാനകി’ എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാൽ പ്രശ്‌നം ഇല്ലയോ എന്നും കോടതി ചോദിച്ചു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പ്രവീൺ നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങിയ കോർട്ട് റൂം ത്രില്ലർ ചിത്രം ജൂൺ 27 ഇന്ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്താനിരിക്കവെയാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. ജാനകി’ എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദേശം.

Read more