എന്താണ് പ്രൊപഗാന്‍ഡ? 'കശ്മീര്‍ ഫയല്‍സ്' അശ്ലീല സിനിമയോ?

‘ദ കശ്മിര്‍ ഫയല്‍സ്’ എന്ന സിനിമയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍മാന്‍ ആയ ഇസ്രായേല്‍ സംവിധായകന്‍ നെയ്ദാവ് ലാപിഡ് സിനിമയെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് വിവേക് അഗ്നിഹോത്രി ഒരുക്കിയ സിനിമ വീണ്ടും ചര്‍ച്ചകളില്‍ നിറയാന്‍ കാരണമായത്.

നൈദാവ് ലാപിഡ് സിനിമയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

”രാജ്യാന്തര സിനിമാ വിഭാഗത്തില്‍ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതില്‍ 14 സിനിമകളും മികച്ച നിലവാരം പുലര്‍ത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. അതു വലിയ തോതില്‍ ചര്‍ച്ചയ്ക്കും വഴിവച്ചു. എന്നാല്‍ 15ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും ദ കശ്മീര്‍ ഫയല്‍സ്. അത് ഒരു പ്രോപ്പഗന്‍ഡയായി തോന്നി. ഇത്തരത്തില്‍ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ അനുചിതമായ ഒരു അപരിഷ്‌കൃത സിനിമയായി തോന്നി.”

ഒരുപക്ഷെ പലര്‍ക്കും ഓര്‍മ്മ കാണും.. കശ്മിര്‍ ഫയല്‍സ് റിലീസ് ചെയ്തപ്പോഴുണ്ടായിരുന്ന വിവാദങ്ങളും ബിജെപി സര്‍ക്കാര്‍ സിനിമയെ പ്രമോട്ട് ചെയ്യാന്‍ പറ്റാവുന്ന തരത്തില്‍ എല്ലാം പ്രമോട്ട് ചെയ്തതിനെ കുറിച്ചും. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ഇങ്ങ് കേരളത്തില്‍ കെ സുരേന്ദ്രന്‍ വരെ സിനിമ കണ്ട ശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും, സിനിമ കാണാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു.

മുത്തച്ഛന്റെ മരണ ശേഷം ചിതാഭസ്മവുമായി കശ്മീരിലേക്ക് എത്തുന്ന കൃഷ്ണ പണ്ഡിറ്റ് എന്ന യുവാവിലൂടെയാണ് കശ്മീര്‍ ഫയല്‍സിന്റെ കഥ പറയുന്നത്. കശ്മീരില്‍ വച്ച് മുത്തച്ഛന്റെ സുഹൃത്തുക്കള്‍ കൃഷ്ണയോട് അവന്റെ മാതാപിതാക്കളുള്‍പ്പെടെയുള്ള കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് പറയുന്നതാണ് സിനിമ. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളിലുള്ള കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ കണക്കുകളേക്കാള്‍ ഇരട്ടിയാണ് സിനിമയിലെ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍.

The Kashmir Files at IFFI: Row over Israeli filmmaker Nadav Lapid's comment - BBC News

2019 ആഗസ്റ്റിലാണ് ബിജെപി സര്‍ക്കാര്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനും കൊലപാതകത്തിനും കാരണം ആര്‍ട്ടിക്കിള്‍ 370 ആണെന്ന് സിനിമയിലൂടെ വിവേക് അഗ്‌നിഹോത്രി സ്ഥാപിച്ചത് സര്‍ക്കാരിനെ കൂടി വെള്ള പൂശുന്നത് പോലെയാണ്.

മതവും, ജാതിയും, ആരാധനാലയങ്ങളും, കലാപങ്ങളും എല്ലാം മുതലെടുക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പല തവണ നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1989 മുതല്‍ ഇങ്ങോട്ട് കശ്മീരില്‍ ഹിന്ദുക്കള്‍ക്ക് എതിരെ നടന്ന കലാപങ്ങളും ഇത്തരത്തില്‍ പലരും പലപ്പോഴും മുതലാക്കിയിട്ടുണ്ട്, ഇനിയും അത് ആവര്‍ത്തിക്കുകയും ചെയ്യും. ഈ കാരണം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ വലിയൊരു വിഭാഗം എതിര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ക്ശമീര്‍ ഫയല്‍സ് സംഘപരിവാറിന്റെ പ്രൊപ്പഗാന്റയാണ് എന്ന വിവാദത്തിന് സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ തന്നെ തിരികൊളുത്തിയിരുന്നു.

മാര്‍ച്ച് 11ന് 63 സ്‌ക്രീനുകളിലായാണ് സിനിമ റിലീസ് ചെയ്തത്. പിന്നീട് 4000 സ്‌ക്രീനുകളില്‍ വരെ സിനിമയുടെ പ്രദര്‍ശനം നടന്നിരുന്നു. ഗോവ, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, ത്രിപുര, യുപി, ഉത്തരാഖണ്ഡ്, ബിഹാര്‍, ഹിമാചല്‍ പ്രദേശ് തുടങ്ങി ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം നികുതിരഹിതമായാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ആസാം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിനിമ കാണാനായി അവധി വരെ പ്രഖ്യാപിച്ചിരുന്നു. സ്‌പെഷ്യല്‍ സ്‌ക്രീനിംഗുകള്‍ വരെ സിനിമയ്ക്കായി നടന്നിരുന്നു. ഇനിയും സിനിമ ഒരു പ്രൊപാഗാന്റ ആയി തോന്നിയിട്ടില്ല എന്ന് പറയാന്‍ പറ്റില്ല.