'ഇനി കാത്തിരിക്കാന്‍ സമയമില്ല, മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടും': ഡബ്ല്യുസിസി

ഇനി സമയമില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്നും ഡബ്ല്യുസിസി . കമ്മീഷന്‍ അല്ല കമ്മിറ്റി ആണെന്ന് ഞങ്ങളും ഇപ്പോഴാണ് അറിഞ്ഞത്. അതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. പഠനറിപ്പോര്‍ട്ട് പബ്ലിക് ഡോക്യുമെന്റ് ആക്കണമെന്നാണ് ആഗ്രഹം. നടിക്കുണ്ടായതു പോലുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാനാണ് ഞങ്ങളുടെ ലക്ഷ്യം.,

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അവര്‍ പറഞ്ഞു. സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിനാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.

സിനിമ മേഖലയില്‍ നിലനിലവ്ക്കുന്ന സ്ത്രീവിരുദ്ധതയും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും ഡബ്ല്യുസിസി അംഗങ്ങള്‍ പങ്കുവച്ചെന്ന് പി സതീദേവി പറഞ്ഞു. ഇന്റേണല്‍ കംപ്ലെയിന്റ് കമ്മറ്റികള്‍ സിനിമ പ്രൊഡക്ഷന്‍ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും അത് നിയമപരമായ അവകാശമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് സംബന്ധിച്ച ചോദ്യത്തിന് അത് കമ്മീഷന്‍ അല്ല കമ്മറ്റി ആണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും സതീദേവി വിശദീകരിച്ചു.

ഡബ്ല്യു സി സി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിന് പിന്നാലെയായിരുന്നു ഇത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരാണ് കമ്മിറ്റി അം?ഗങ്ങള്‍. സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2019ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയെങ്കിലും റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും നടപ്പിലാക്കിയിട്ടില്ല.