50കോടി പ്രതീക്ഷയില്‍ എത്തിയിട്ട് പാതി പോലും കിട്ടിയില്ല; ജയിലര്‍ വന്നപ്പോള്‍ തിയേറ്ററുകാര്‍ എടുത്തെറിഞ്ഞു; വോയ്‌സ് ഓഫ് സത്യനാഥന്റെ ഭാഗ്യപരീക്ഷണം ഇനി ഒടിടിയില്‍, റിലീസ് തിയതി പുറത്ത്

തിയറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാതെ കടന്നുപോയ ദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ഒടിടി റിലീസ് പ്രഖ്യാപിച്ചു. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജനപ്രിയനായകന്‍ എന്ന ലേബലില്‍ തിയറ്ററില്‍ എത്തിയ വോയ്‌സ് ഓഫ് സത്യനാഥന് കുടുംബങ്ങളെ ആകര്‍ഷിക്കാനായിരുന്നില്ല.

ദിലീപിന്റെ സിനിമകളുടെ വിജയം എക്കാലത്തും കുടുംബപ്രേക്ഷകരായിരുന്നു. എന്നാല്‍, ഈ സിനിമയെ ഇത്തരം പ്രേക്ഷകരും കൈവിട്ടതോടെ തിയറ്ററില്‍ വലിയ ഓളം സൃഷ്ടിക്കാതെയാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ കടന്നു പോയത്.

ജൂലൈ 28നാണ് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യ പത്തുദിവസം മാത്രമാണ് തിയറ്ററുകളില്‍ മികച്ച രീതിയില്‍ സിനിമ ഓടിയത്. കേരള ബോക്‌സ് ഓഫീസിലേക്ക് രജനികാന്ത് നായകനായ ‘ജയിലര്‍’ രംഗപ്രവേശനം ചെയ്തതോടെ പല തിയറ്ററുകളില്‍ നിന്നും ദിലീപ് ചിത്രം എടുത്തെറിയപ്പെട്ടു. ഇതോടെ ദിവസം 50 ലക്ഷം എന്ന രീതിയില്‍ കളക്ട് ചെയ്തുകൊണ്ടിരുന്ന സിനിമ 15 ലക്ഷത്തിനും താഴേയ്ക്ക് വീണു.

ദിലീപിന്റെ 50 കോടി ചിത്രമെന്ന വന്‍ ഹൈപ്പില്‍ എത്തിയ സിനിമയ്ക്ക് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും വെറും 16.40 കോടിയും ഓവര്‍സീസ് കളക്ഷനായി 5.60 കോടിയും നേടാനെ സാധിച്ചുള്ളൂ. 22 കോടി രൂപ മാത്രമാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും സിനിമയ്ക്ക് നേടാനായത്.

വോയ്‌സ് ഓഫ് സത്യനാഥന്റെ ഒടിടി റിലീസ് മനോരമ മാക്‌സാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21 രാത്രി എട്ടു മുതല്‍ മനോരമ മാക്‌സ് ആപ്പിലൂടെ സിനിമ കാണാനാവും.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. സംവിധായകന്‍ റാഫിയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. ദിലീപിനും ജോജുവിനും സിദ്ധിക്കിനും ഒപ്പം ചിത്രത്തില്‍ അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (‘വിക്രം’ ഫൈയിം), ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍, എന്നിവരും വേഷമിടുന്നു.

ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീതം. എഡിറ്റിംഗ് നിര്‍വഹിച്ചത് ഷമീര്‍ മുഹമ്മദ്. ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിലസാണ് നിര്‍വഹിക്കുന്നത്. കലാസംവിധാനം എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ മുബീന്‍ എം റാഫി, സ്റ്റില്‍സ് ഷാലു പേയാട്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാറ്റിനി ലൈവ്, മാര്‍ക്കറ്റിങ് പ്ലാന്‍ ഒബ്സ്‌ക്യുറ, ഡിസൈന്‍ ടെന്‍ പോയിന്റ് എന്നിവരാണ് മറ്റു പ്രവര്‍ത്തകര്‍.