വിമര്‍ശനം കൊള്ളാം, പക്ഷേ എല്ലാത്തിനും ഒരു ലിമിറ്റുണ്ട്; റോഷന്‍ ആന്‍ഡ്രൂസിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് സംവിധായകന്‍

റോഷന്‍ ആന്‍ഡ്രൂസിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് യുവ സംവിധായകന്‍ വിവേക്. ‘ആര്‍ക്കും ആരെയും വിമര്‍ശിക്കാം എന്നാല്‍ അതിനെല്ലാത്തിനും ഒരു പരിധി ഉണ്ടാവണമെന്നും വിവേക് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സിനിമകള്‍ കണ്ട് സുഹൃത്തുക്കള്‍ ഒരുപാട് വിമര്‍ശിച്ചിട്ടുണ്ട് ഈ വിമര്‍ശനങ്ങളെ അതിന്റെ രീതിയില്‍ ഉള്‍കൊള്ളണമെന്നും വിവേക് പറഞ്ഞു.

അമല പോളിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ചിത്രമായ ‘ടീച്ചറിന്റെ’ പ്രസ്സ് മീറ്റില്‍ വെച്ചാണ് സംവിധായകന്‍ വിവേക് ‘സാറ്റര്‍ഡേ നൈറ്റ്‌സ്’ എന്ന് സിനിമയ്ക്ക് റോഷന്‍ ആന്‍ഡ്രൂസിനുണ്ടായ വിമര്‍ശനത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

‘ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരു സംവിധായകനാണ് വിമര്‍ശിച്ചത്, പക്ഷേ അദ്ദേഹത്തിന്റേത് പോലെയല്ല എന്റെ അഭിപ്രായം . ആര്‍ക്കും ആരെയും വിമര്‍ശിക്കാം അതിനുള്ള അധികാരവും പ്രേക്ഷകര്‍ക്കുണ്ട് പക്ഷെ എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്. എന്റെ സിനിമകള്‍ കണ്ട് എന്റെ സുഹൃത്തുക്കള്‍ എന്നെ ഒരുപാട് വിമര്‍ശിച്ചിട്ടുണ്ട് അത്‌പോലെ തന്നെ അമല ആണെങ്കിലും വളരെ ഓപ്പണ്‍ ആയിട്ട് ഓരോ കാര്യങ്ങള്‍ പറയുന്നു ഞാന്‍ അത് അതിന്റെ രീതിയില്‍ ഉള്‍കൊള്ളുന്നു.’ വിവേക് പറഞ്ഞു.

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ ‘സാറ്റര്‍ഡെ നൈറ്റ്’ ആണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് അവസാനം റിലീസിനെത്തിയ ചിത്രം. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും രണ്ടാമതായി ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. സ്റ്റാന്‍ലി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്.