മകളുടെ കരള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ നടന്‍ വിഷ്ണു പ്രസാദ് യാത്രയായി. നടന്റെ ആരോഗ്യാവസ്ഥ വളരെ മോശമായതിനെ തുടര്‍ന്ന് കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. കരള്‍ നല്‍കാന്‍ മകള്‍ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
30 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്ക് ആവശ്യമായിരുന്നത്. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നല്‍കിയിരുന്നു. പിന്നീട് വിഷ്ണുവിന്റെ സുഹൃത്തുക്കളും മാറ്റും ഓണ്‍ലൈന്‍ ചാരിറ്റി ഫണ്ടിങ്ങിലൂടെയും തുക കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ രോഗം മൂര്‍ഛിച്ചതോടെ നടന്‍ മരണത്തിന് കീഴടങ്ങി.
”പ്രിയപ്പെട്ടവരേ, ഒരു സങ്കട വാര്‍ത്ത… വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയില്‍ ആയിരുന്നു. ആദരാജ്ഞലികള്‍… അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാന്‍ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാര്‍ഥിക്കുന്നു” എന്നാണ് വിഷ്ണുവിന്റെ മരണവാര്‍ത്ത പങ്കുവച്ച് നടന്‍ കിഷോര്‍ സത്യ കുറിച്ചത്. വിഷ്ണുവിന്റെ ഓര്‍മ്മകള്‍ നടി സീമ ജി നായരും പങ്കുവച്ചിട്ടുണ്ട്.
സീമ ജി നായരുടെ കുറിപ്പ്:
വിഷ്ണു പ്രസാദ് വിടപറഞ്ഞു.. എത്രയോ വര്‍ഷത്തെ ബന്ധം.. എന്റെ അപ്പൂ 6 മാസം ആയപ്പോള്‍ തുടങ്ങിയ ബന്ധം.. ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയല്‍ ഗോകുലത്തില്‍ എന്റെ ബ്രദര്‍ ആയി അഭിനയിക്കാന്‍ വരുമ്പോള്‍ തുടങ്ങിയ ബന്ധം ..അപ്പുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ആ സെറ്റില്‍ വച്ചായിരുന്നു ..എല്ലാവര്‍ക്കും തിരക്കേറിയപ്പോള്‍ കാണല്‍ കുറവായി. കഴിഞ്ഞ ആഴ്ച്ച ആസ്റ്റര്‍ മെഡിസിറ്റിയില്‍ പോയി അവനെ കണ്ടു. ഞാന്‍ കുറെ കോമഡിയൊക്കെ പറഞ്ഞു ..ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോള്‍ നല്ല ചിരി ആയിരുന്നു ..പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്നു ..കൂടെ ആശ്വാസം ആയി തന്നെ നില്‍ക്കാനാണ് പോയതും..
കരള്‍ പകുത്തു നല്‍കാന്‍ തയ്യാറായ മകളെയും കണ്ടു ..വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോള്‍ അവന്‍ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല ..ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ..പക്ഷെ ..ഇപ്പോള്‍ ഈ വിവരം അറിഞ്ഞപ്പോള്‍ കവിതയെ (ഭാര്യ) വിളിച്ചു സത്യം ആണോന്നറിയാന്‍ ..അപ്പുറത്തു കരച്ചില്‍ ആയിരുന്നു മറുപടി ..പെങ്ങള്‍ വരാന്‍ വേണ്ടി മോര്‍ച്ചറിയിലേക്ക് മാറ്റി ..മറ്റന്നാള്‍ ആയിരിക്കും അടക്കം ..എനിക്കാണെങ്കില്‍ ഇന്നും, നാളെയും വര്‍ക്കും ..അവസാനം ആയി ഒരു നോക്ക് കാണാന്‍ കഴിയാതെ പോകുന്നു ..വിഷ്ണു വിട ..







