സൈക്കോ സൈമണ്‍ ആകാന്‍ ഒരു മാസം വര്‍ക്കൗട്ടും ചെയ്തു, അവസാന നിമിഷം പുറത്തായത് ഇങ്ങനെ; വിനീത് വാസുദേവന്‍ പറയുന്നു

അഞ്ചാം പാതിര ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് സൈക്കോ സൈമണ്‍. ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധിക്കപ്പെട്ട വിനീത് വാസുദേവനെ ആയിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്തത്. വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

“”അഞ്ചാം പാതിര എന്ന സിനിമയിലെ സൈക്കോ സൈമണ്‍ എന്ന കഥാപാത്രത്തിന് വേണ്ടി ഒരു ലുക്ക് ടെസ്റ്റ് നോക്കിയിരുന്നു.. പിന്നീട് കഥാപാത്രത്തിന്റെ ചില കണ്‍സേണ്‍സ് കൊണ്ട് ഈ കഥാപാത്രം ചെയ്യാന്‍ സാധിച്ചില്ല.. പക്ഷെ ഒരു ചെറിയ വേഷത്തില്‍ സിനിമയില്‍ ഇടക്ക് ഒന്ന് മിന്നി മാഞ്ഞു പോയിരുന്നു..ഇടക്കിടക്ക് ഗാലറിയില്‍ ഈ ഫോട്ടോ കാണുമ്പോള്‍ ഷെയര്‍ ചെയ്യണം എന്ന് വിചാരിക്കും.. സംഭവം വെറൈറ്റി അല്ലെ”” എന്നാണ് വിനീത് കുറിച്ചിരിക്കുന്നത്.

വേലി എന്ന ഷോര്‍ട്ട് ഫിലിം കണ്ടാണ് മിഥുന്‍ മാനുവല്‍ തന്നെ അഞ്ചാംപാതിരയിലേക്ക് വിളിച്ചത്. സിനിമയിലേക്ക് ഒരു മേക്കപ്പ് ട്രയലും നോക്കി. കഥാപാത്രത്തിന് വേണ്ടി ഒരു മാസം വര്‍ക്കൗട്ടും ചെയ്തിരുന്നു. തന്റെ കഴുത്തിനൊക്കെ കുറച്ചു വലിപ്പക്കൂടതലുണ്ട്.

അതിനാല്‍ സ്ത്രീ ആയി മേക്കോവര്‍ ചെയ്തിട്ട് ഭംഗി തോന്നിയില്ല എന്നാണ് വിനീത് മനോരമയോട് പറഞ്ഞത്. പിന്നീടാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റും നടനുമായ സുധീര്‍ സുഫിയെ തിരഞ്ഞടുത്തത്.