ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും; ഭഭബ തിരക്കഥയൊരുക്കുന്നത് നൂറിന്‍ ഷെരീഫും ഫാഹിം സഫറും

നടി നൂറിന്‍ ഷെരീഫും ഭര്‍ത്താവും നടനുമായ ഫാഹിം സഫറും തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഭഭബ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ദിലീപിന് പുറമേ വിനീത് ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. വിനീത് ശ്രീനിവാസന്റെ പ്രധാന സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്ന ആളാണ് ധനഞ്ജയ്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും പൊള്ളാച്ചി കേന്ദ്രീകരിച്ചാണ് നടക്കുക.

വന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മാസ് ഫണ്‍ അഡ്വഞ്ചര്‍ മാഡ്‌നെസ് കാറ്റഗറിയിലാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും തിരഞ്ഞെടുത്ത് വരുന്നു. ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് വിസി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്.