ജയിലറില്‍ 35 ലക്ഷമാണ് തനിക്ക് പ്രതിഫലം നല്‍കിയതെന്ന് നിര്‍മ്മാതാവ് കേള്‍ക്കേണ്ട; നടക്കുന്നത് തെറ്റായ പ്രചാരണം; താന്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്ന ദൈവവിശ്വാസിയെന്ന് വിനായകന്‍

താന്‍ സംഘടനാരാഷ്ട്രീയത്തില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളല്ലന്ന് നടന്‍ വിനായകന്‍. ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നുവെന്നു മാത്രമെ ഉള്ളൂ. തനിക്ക് പാര്‍ട്ടി അംഗത്വമില്ലെന്നും അദേഹം പറഞ്ഞു. ഞാനൊരു ദൈവ വിശ്വാസിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു സോഷ്യലിസ്റ്റ് ആണെന്ന് സാര്‍ക്ക് എന്ന ഓണ്‍ലൈന് കൊടുത്ത അഭിമുഖത്തില്‍ അദേഹം പറഞ്ഞു. തന്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്വുള്ളവരാണ്. ബന്ധുക്കളൊക്കെ പാര്‍ട്ടി അംഗങ്ങളാണെന്നും വിനായകന്‍ പറഞ്ഞു.

ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന ജയിലറി’ല്‍ 35 ലക്ഷം രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്ന പ്രചാരണം തെറ്റാണെന്നും വിനായകന്‍ പറഞ്ഞു. അതിന്റെ ഇരട്ടിയുടെ ഇരട്ടി തുക പ്രതിഫലമായി ലഭിച്ചെന്നും ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറില്‍ നിന്നു കിട്ടിയിട്ടുണ്ട്.

35 ലക്ഷമല്ല എനിക്ക് ലഭിച്ച പ്രതിഫലം, നിര്‍മാതാവ് അതൊന്നും കേള്‍ക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതില്‍ കൂടുതല്‍ ലഭിച്ചു. ഞാന്‍ ചോദിച്ച പ്രതിഫലം അവര്‍ എനിക്കു തന്നു. സെറ്റില്‍ എന്നെ പൊന്നുപോലെ നോക്കി. ഞാന്‍ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറില്‍ എനിക്കു ലഭിച്ചു.

ഇപ്പോള്‍ ഞാന്‍ സെലക്ടിവ് ആണ്. ജയിലര്‍ പോലൊരു വലിയ സിനിമ കഴിഞ്ഞു നില്‍ക്കുകയാണ്. അടുത്ത സിനിമ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും അദേഹം പറഞ്ഞു.

പുറത്തിറങ്ങി അഭിനയിക്കാന്‍ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് പുറത്തൊന്നും പോകാത്തത്. അറിയാത്ത ആളുകളുടെ മുഖത്തുനോക്കി ചിരിക്കാന്‍ പറ്റില്ല. എനിക്കു പറയേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പറയാറുണ്ട്. അത് എത്തേണ്ടടത്ത് എത്തിക്കഴിഞ്ഞാല്‍ ഞാന്‍ അത് ഡിലീറ്റ് ചെയ്യുമെന്നും വിനായകന്‍ അഭിമുഖത്തില്‍ പറഞ്ഞു.