ജി. ആർ ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധ സിനിമയാവുന്നു എന്ന വാർത്തകൾ വന്നതുമുതൽ സിനിമലോകം വളരെ പ്രതീക്ഷയിലാണ്. വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂർത്തിയായെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
അന്തരിച്ച സംവിധായകൻ സച്ചി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. സച്ചിയുടെ വിയോഗത്തെ തുടർന്ന് പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘രണ്ടുവർഷം, ഏറെ പരിക്കുകൾ. ഒടുവിൽ ഡബിൾ മോഹനന് ഫൈനൽ റാപ്പായിരിക്കുന്നു’ എന്ന കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് പരിക്ക് പറ്റുകയും തുടർന്ന് മൂന്ന് മാസം വിശ്രമം ആവശ്യമായി വന്നതിനാൽ സിനിമ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.
View this post on Instagram
ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് വിലായത്ത് ബുദ്ധയിൽ പൃഥ്വിരാജ് എത്തുന്നത്. സൗദി വെള്ളക്കയ്ക്ക് ശേഷം സന്ദീപ് സേനനാണ് നിർമ്മാണം. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ കൂടിയാണ് ചിത്രം. പ്രിയംവദ കൃഷ്ണനാണ് നായിക.