ചിയാന്‍ വിക്രമിന് കോവിഡ് പോസിറ്റീവ്

തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രമിന് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന് പരിശോധനാഫലം പോസിറ്റീവായെന്നും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെന്നൈയിലെ വീട്ടില്‍ തന്നെ ഐസൊലേഷനില്‍ ആണ് എന്നും ആണ് റിപ്പോര്‍ട്ടുകളുണ്ട്.

പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയുടെ ഡബ്ബിങ് നിര്‍വ്വഹിച്ചുവരികയായിരുന്നു അദ്ദേഹം. തമിഴ് സിനിമാ ലോകത്ത് ഉലകനായകന്‍ കമല്‍ഹാസനെ അടുത്തിടെ കോവിഡ്-19 പോസിറ്റീവായി പരിശോധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. താരം വേഗം സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രിയ താരം വേഗം സുഖം പ്രാപിച്ച് മടങ്ങിയെത്തട്ടെയെന്ന് പ്രാര്‍ത്ഥനാശംസകള്‍ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.

മലയാളത്തില്‍ തുടക്കമിട്ട് തമിഴില്‍ ഒട്ടനവധി സിനിമകളിലൂടെ തിളങ്ങിയ സൂപ്പര്‍താരമായി മാറിയ വിക്രത്തിന്റെ കദാരം കൊണ്ടാന്‍ ആണ് ഒടുവില്‍ തീയേറ്ററിലെത്തിയ ചിത്രം. മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’, ഗൗതം മേനോന്റെ ‘ധ്രുവനച്ചത്തിരം’, അജയ് ജ്ഞാനമുത്തുവിന്റെ ‘കോബ്ര’, കാര്‍ത്തിക് സുബ്ബരാജിന്റെ ‘മഹാന്‍’ തുടങ്ങി നിരവധി സിനികമളാണ് വിക്രത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. സംവിധായകന്‍ പാ രഞ്ജിത്തിനൊപ്പവും അടുത്തതായി അദ്ദേഹം ഒന്നിക്കുന്നുണ്ട്.