മുത്തയ്യ മുരളീധരനാകാന്‍ വിജയ് സേതുപതി; '800' ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും, പോസ്റ്റര്‍

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് ആയി ഒരുങ്ങുന്ന സിനിമയില്‍ വിജയ് സേതുപതി നായകനാകുന്നുവെന്ന് ഔദ്യോഗിക പ്രഖ്യാപനം. “800” എന്ന പേരിട്ട ചിത്രം ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റ് എന്ന ചരിത്ര നേട്ടം ആധാരമാക്കിയാണ്. ശ്രീപതി രംഗസ്വാമി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് സേതുപതി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പങ്കുവച്ചത്. ഈ ലാന്‍ഡ്മാര്‍ക്ക് പ്രൊജക്ടിന്റെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ അഭിമാനം എന്നാണ് സേതുപതി കുറിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ഡാര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ മുത്തയ്യക്ക് ഇപ്പോഴും ഏറെ ആരാധകരുണ്ട്. മുത്തയ്യ മുരളീധരന്റെ ബയോപിക്കുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സേതുപതി നേരത്തെ വ്യക്തമാക്കിയിരുന്നു.

മുത്തയ്യ മുരളീധരനും ബയോപിക്കില്‍ സേതുപതി നായകനാകുന്നതില്‍ സന്തോഷമാണെന്ന് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എതിര്‍പ്പ് വന്നതോടെ ശ്രീലങ്കയിലെ തമിഴരോടുള്ള ആദരവിനെ തുടര്‍ന്ന് സേതുപതി ചിത്രത്തില്‍ നിന്നും പിന്‍മാറി എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

https://www.instagram.com/p/CGEyuNUpe-v/?utm_source=ig_embed