മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്നും വിജയ് സേതുപതി പിന്മാറി; '800' ഉപേക്ഷിച്ചത് മുരളീധരന്റെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് ആയി ഒരുങ്ങുന്ന ചിത്രം “800”ല്‍ നിന്നും നടന്‍ വിജയ് സേതുപതി പിന്മാറി. മുത്തയ്യ മുരളീധരനായി സേതുപതി വേഷമിടുന്നതിന് എതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനൊന്നും താരം പ്രതികരിച്ചിരുന്നില്ല. മുത്തയ്യ മുരളീധരന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ചിത്രത്തില്‍ നിന്നും സേതുപതി പിന്മാറിയിരിക്കുന്നത്.

ഈ സിനിമ ചെയ്യുന്നത് സേതുപതിയുടെ കരിയറിന് ഹാനികരമാകുമെന്നും അതിനാല്‍ പ്രൊജക്ട് ഉപേക്ഷിക്കാന്‍ നടനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഈ മാസം 8-ന് ആണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ സേതുപതിക്കെതിരെ കാമ്പയ്‌നും നടന്നിരുന്നു.

മുത്തയ്യ മുരളീധരന്റെ പ്രസ്താവന:

എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ കാരണം 800 സിനിമ ഉപേക്ഷിക്കാന്‍ നിരവധിപേര്‍ നടന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ ഒരു മികച്ച കലാകാരന്‍ ഞാന്‍ കാരണം ബുദ്ധിമുട്ടേണ്ടി വരുന്നത് ആഗ്രഹിക്കുന്നില്ല, അതിനാല്‍ ഈ പ്രൊജക്ടില്‍ നിന്നും പുറത്തു പോകാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. ഈ സിനിമ കാരണം ഭാവിയില്‍ വിജയ് സേതുപതിക്ക് തടസ്സങ്ങളൊന്നും ഉണ്ടാകരുത്. തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഞാന്‍ തളര്‍ന്നിട്ടില്ല.

പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ചാണ് ഞാന്‍ ഈ സ്ഥാനത്ത് എത്തിയത്. യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനമാകും എന്ന് കരുതിയാണ് എന്നെ കുറിച്ച് സിനിമ എടുക്കാന്‍ അനുമതി നല്‍കിയത്. ഈ പ്രതിബന്ധങ്ങള്‍ നിര്‍മ്മാതാക്കള്‍ മറിക്കടക്കുമെന്ന് ഉറപ്പാണ്. ഇത് സംബന്ധിച്ച് പുതിയ പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് അവര്‍ എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി.