അടുത്ത വർഷം തുടക്കത്തോടെ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വിജയ് ചിത്രം ‘ജന നായകൻ’ ന്റെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന പ്രത്യേകത കാരണം പ്രഖ്യാപനം മുതൽ തന്നെ ചിത്രം വാർത്തകളിൽ ഇടം നേടി കഴിഞ്ഞിരുന്നു.
ചിത്രത്തിലെ അഭിനയത്തിന് വിജയ് വൻ പ്രതിഫലം വാങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ‘ജന നായകൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് 275 കോടി രൂപയാണ് വാങ്ങുന്നത് എന്നാണ് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ലാഭത്തിൽ ഒരു പങ്കും നൽകാതെ, മുൻകൂർ ഫീസായി തുക പൂർണ്ണമായും നൽകിയതായാണ് റിപ്പോർട്ട്. ഇതോടെ, സമീപ വർഷങ്ങളിൽ ഒരു ദക്ഷിണേന്ത്യൻ നടന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.
നേരത്തെ, ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ദി ഗോഡ്) എന്ന ചിത്രത്തിന് ദളപതി 200 കോടി രൂപ പ്രതിഫലം വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും ചിത്രത്തിലെ നടന്റെ പ്രതിഫലം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
‘ജന നായകൻ’ വിജയ്‌യുടെ അവസാന ചിത്രമായിരിക്കുമോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ അഭിനയിക്കുന്ന നടി മമിത ബൈജു അടുത്തിടെ നടനോട് ഇതേ ചോദ്യം ചോദിച്ചിരുന്നു. സിനിമയിൽ തുടരണോ വേണ്ടയോ എന്ന തീരുമാനം 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു വിജയ്‌യുടെ മറുപടി.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ ഒരു ശക്തമായ രാഷ്ട്രീയ ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ശ്രുതി ഹാസൻ ഒരു നിർണായക വേഷത്തിൽ അഭിനയിക്കുമെന്നും അഭ്യൂഹമുണ്ട്.








