പരാജയമായി ലൈഗർ; പ്രതിഫലം തിരിച്ചു നൽകാൻ വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമായിരുന്നു ലൈഗർ. നൂറ് കോടി മുടക്കി നിർമിച്ച ചിത്രം പുറത്തിറങ്ങി ആഴ്ച്ചകൾക്കുള്ളിൽ തിയറ്ററിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് ചിത്രം പ്രതിഫലമായി വാങ്ങിയ തുക തിരികെ കൊടുക്കാനാണ് വിജയ് ദേവരകൊണ്ടയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.

സിനിമയുടെ സംവിധായകൻ പുരി ജഗന്നാഥനും പണം തിരികേ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറഞ്ഞത്.

ക്ലൈമാക്‌സടക്കമുള്ള രംഗങ്ങള്‍ യുഎസിലാണ് ചിത്രീകരിച്ചത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരണ്‍ ജോഹര്‍ നിർമിച്ച ചിത്രത്തില്‍ അനന്യ പാണ്ഡെ ആയിരുന്നു നായികയായെത്തിയത്.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷ്ണു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഫ്, ചാര്‍മി കൗര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.