'സ്റ്റാന്‍ഡ് അപ്പ്' കൊമേഡിയന്റെ കഥയുമായി വിധു വിന്‍സെന്റ്; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

സ്റ്റാന്‍ഡപ്പ് കൊമേഡിയന്റെ കഥ പറയുന്ന വിധു വിന്‍സെന്റ് ചിത്രം “സ്റ്റാന്‍ഡ് അപ്പ്” തീയേറ്ററുകളിലേക്ക് എത്തുന്നു. നിമിഷ സജയനും രജിഷ വിജയനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം നവംബര്‍ 29 ന് തീയേറ്ററുകളിലെത്തും. സ്റ്റാന്റപ്പ് കോമേഡിയനായ കീര്‍ത്തിയുടേയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമ അനാവരണം ചെയ്യുന്നത്.

കഴിഞ്ഞ തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നിമിഷ സജയനാണ് ചിത്രത്തില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി എത്തുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സ്റ്റാന്‍ഡ് അപ്പ് കോമഡി പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അര്‍ജ്ജുന്‍ അശോകന്‍, സീമ, സേതുലക്ഷ്മി, നായികാ നായകന്‍ ഫെയിം വെങ്കിടേശ്, നിസ്താര്‍ അഹമ്മദ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ഐവി ജുനൈസ്, ദിവ്യ ഗോപിനാഥ്, ധ്രുവ് ധ്രുവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Read more

Image may contain: 2 people, people standing and text
വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോളിന്റെ തിരക്കഥ രചിച്ച ഉമേഷ് ഓമനക്കുട്ടന്‍ തന്നെയാണ് സ്റ്റാന്‍ഡ് അപ്പിനായും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടോബിന്‍ തോമസാണ് ഛായാഗ്രഹണം.